Asianet News MalayalamAsianet News Malayalam

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാന പട്ടികയിൽ മുമ്പിലെത്തിക്കും; വ്യവസായ മേഖലയെ കാലോചിതമായി പരിഷ്കരിക്കും: മന്ത്രി

എംഡിമാരുടെ നിയമനമെല്ലാം റിക്രൂട്ട്മെന്റ് വഴിയായിരിക്കും. പ്രോസിക്യൂട്ടർ നിയമനത്തിന് രാഷ്ട്രീയ പരിഗണന മാത്രം മാനദണ്ഡമാക്കില്ല. പ്രാപ്തിയുള്ള അഭിഭാഷകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. 

 

kerala will be at the top of the list of industrial friendly states says minister p rajeev
Author
Thiruvananthapuram, First Published May 28, 2021, 4:00 PM IST

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ മുന്നിലെത്തിക്കുമെന്ന് മന്ത്രി പി രാജീവ്. ഒരു വർഷത്തിനുള്ളിൽ ആദ്യ പത്തിൽ എത്തിക്കും. വ്യവസായ മേഖലയിലെ പ്രതിസന്ധി നീക്കാൻ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ മന്ത്രിയോട് ചോദിക്കാം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി സാമ്പത്തികരം​ഗത്ത് നിലനിൽക്കുന്നുണ്ട്. അതിനെ മറികടന്നു മുന്നോട്ട് പോകാനുള്ള മാർ​ഗങ്ങളാണ് സർക്കാർ ആലോചിക്കുന്നത്. സംസ്ഥാനത്തെ വ്യവസായ മേഖലയെ കാലോചിതമായി പരിഷ്കരിക്കും. സംസ്ഥാനത്ത് കൂടുതൽ വ്യവസായങ്ങൾ വരണം. അത് കൂടുതൽ  തൊഴിലവസരങ്ങൾ ഉണ്ടാക്കും.

പ്രതിസന്ധിയെ മറികടക്കാൻ ഓരോ കമ്പനിയും തനതായ, വ്യത്യസ്തമായ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കണം എന്നാണ് വിലയിരുത്തിയിട്ടുള്ളത്. അതിന്റെ ഭാ​ഗമായി 42 പൊതുമേഖലാ സ്ഥാപനങ്ങളെയും ഏഴ് ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. അതിന് ഓരോ എംഡിമാരെയും നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എംഡിമാരുടെ നിയമനമെല്ലാം റിക്രൂട്ട്മെന്റ് വഴിയായിരിക്കും.

പ്രോസിക്യൂട്ടർ നിയമനത്തിന് രാഷ്ട്രീയ പരിഗണന മാത്രം മാനദണ്ഡമാക്കില്ല. പ്രാപ്തിയുള്ള അഭിഭാഷകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. 

ചില ചോദ്യങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും...

*അടൂർ ന​ഗരസഭയുടെ കീഴിൽ ഒരു ഐടി പാർക്ക് തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ? അത് നൂറുകണക്കിന് പേർക്ക് തൊഴിൽ നൽകാനുള്ള അവസരമാകും.- അടൂർ ന​ഗരസഭാ ചെയർമാൻ ഡി സജി 

ചോദ്യം പ്രസക്തമാണ്, ആവശ്യം ജനകീയമാണ്. അക്കാര്യം ഐടി വകുപ്പാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാൽ, കേരളത്തിൽ എത്രമാത്രം വ്യവസായ പാർക്കുകൾ ആരംഭിക്കാൻ കഴിയും, അതിനകത്ത് എത്ര സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കാൻ കഴിയും എന്നതൊക്കെ പഠനം നടത്താൻ പോകുകയാണ്. അതിന്റെ ഭാ​ഗമായി എത്രമാത്രം ഭൂമി ഏറ്റെടുത്തത് ആരംഭിക്കാതെയുണ്ട് എന്നും നോക്കുന്നുണ്ട്. അതിന്റെ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിൽ പത്തനംതിട്ടയിൽ സൗകര്യങ്ങളുണ്ടെങ്കിൽ വ്യവസായ വകുപ്പിന് കീഴീൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് നോക്കാം.

*ചെറുകിട വാണിജ്യ വ്യവസായ മേഖല കൊവിഡിനെത്തുടർന്ന് പ്രതിസന്ധിയിലാണ്. ഈ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ഉത്തേജന പാക്കേജ് നടപ്പാക്കുന്നത് പരി​ഗണനയിലുണ്ടോ? ക്വാറികളുടെ ദൂരപരിധി 50 മീറ്ററിൽ നിന്ന് 200 മീറ്ററായി ഉയർത്തിയതു മൂലം ചെറുകിട ക്വാറികൾ പൂർണമായും നിന്നു പോയിരിക്കുന്നു- കേരള വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ


അത് നോക്കേണ്ട കാര്യമാണ്. പലയിടത്തും നിർമ്മാണസാമ​ഗ്രികൾ കിട്ടാത്ത സ്ഥിതിയുണ്ട്. അത് പരിഹരിക്കേണ്ട കാര്യമാണ്. പക്ഷേ എല്ലാ വശവും നോക്കി മാത്രമേ നമുക്ക് മുമ്പോട്ട് പോകാനാകൂ. പാരിസ്ഥിതിക പ്രത്യാഘാതം എത്രമാത്രമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സന്തുലിതമായ നിലപാടായിരിക്കും വ്യവസായ വകുപ്പ് സ്വീകരിക്കുക.

*നാളുകളായി കട അടച്ചിട്ടിരിക്കുന്നത് മൂലം പ്രശ്നത്തിലാണ്. എന്ത് പരിഹാരമാണ് ഉള്ളത്- പ്രീത, കടയുടമ, പത്തനംതിട്ട

കൊവിഡ് മഹാമാരി പശ്ചാത്തലത്തിലാണ് അത്തരം മുൻകരുതലുകളിലേക്ക് പോകേണ്ടി വന്നത്. പ്രശ്നം പരിഹരിക്കാൻ ന്യായമായത് എന്തെല്ലാം സർക്കാരിന് ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യാം.  ഇക്കാര്യം വളരെ ​ഗൗരവമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം.

*കേരളത്തിലെ ആളുകൾക്ക് തൊഴിലുണ്ടാവാൻ, പുരോ​ഗതിയുണ്ടാവാൻ മേക്ക് ഇൻ കേരള മാർക്കറ്റ് ഇൻ വേൾഡ് നടപ്പിലാക്കാൻ സർക്കാരിന് എന്തൊക്കെ ചെയ്യാൻ കഴിയും. ഒരു ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ വന്നാൽ സർക്കാർ പിന്തുണക്കുമോ- എ പി അഹമ്മദ്, ചെയർമാൻ, മലബാർ ​ഗ്രൂപ്പ്

വ്യവസായം ആരംഭിക്കാൻ ആദ്യ അനുമതി വരേണ്ടത് പ്രാദേശിക ഭരണസംവിധാനങ്ങളിൽ നിന്നാണ്. അപ്പോ അങ്ങനെ അനുമതി കിട്ടാൻ പല കാരണങ്ങളാൽ വൈകുന്നുണ്ട്. അതുകൊണ്ട് നിക്ഷേപകർക്ക് ഇവിടം ശരിയാവില്ല എന്നൊരു ചിന്ത ഉണ്ടാകാനിടയുണ്ട്. ഇത് പരിഹരിക്കാൻ സർക്കാർ നിരവധി ചട്ടങ്ങളും നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴും ആ പ്രശ്നം നിലനില്ക്കുന്നു എന്ന് കണ്ടുകൊണ്ടാണ് ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തന്നെ സ്റ്റാറ്റ്യൂട്ടറി സംവിധാനം കൊണ്ടുവരാൻ തീരുമാനമായത്. എല്ലാ വകുപ്പിൽ നിന്നും ബന്ധപ്പെട്ട കാര്യങ്ങൾ, നിയമപരമായും ചട്ടത്തെ അടിസ്ഥാനപ്പെടുത്തിയും വ്യവസായം ആരംഭിക്കാൻ വേണ്ടതെല്ലാം , അതു സംബന്ധിച്ച പരാതികളെല്ലാം തീർപ്പാക്കാനുള്ള സംവിധാനമായിരിക്കുമത്. ഒരു മാസത്തിനുള്ളിൽ അത് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios