Asianet News MalayalamAsianet News Malayalam

Mullaperiyar Dam Issue| മുല്ലപ്പെരിയാർ: മേൽനോട്ട സമിതി നിലപാട് അംഗീകരിക്കില്ല, കോടതിയെ അറിയിക്കുമെന്ന് മന്ത്രി

''മഴ സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 30 വരെ ജലനിരപ്പ് കേരളത്തിന്റെ റൂൾ കർവായ 136 അടിയിൽ നിലനിർത്തണം.''

kerala will not agree with Supervisory Committee decision in Mullaperiyar Dam Issue
Author
Thiruvananthapuram, First Published Oct 27, 2021, 5:37 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ  അണക്കെട്ടിന്റെ (Mullaperiyar dam) ജലനിരപ്പിൽ സുപ്രീം കോടതി (Supreme Court) 
മേൽനോട്ട സമിതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കേരളം. മഴ സാഹചര്യം നിലനിൽക്കുന്നതിനാൽ അണക്കെട്ടിലെ  ജലനിരപ്പ് 136 അടിയിൽ നില നിർത്തണമെന്ന് കോടതിയിൽ നാളെ ആവശ്യപ്പെട്ടുമെന്ന് റവന്യു - ജലവിഭവ വകുപ്പ് മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും തമിഴ് നാടിന്റെ ആവശ്യത്തിനും പുതിയ അണക്കെട്ട് വേണം. മഴ സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 30 വരെ ജലനിരപ്പ് കേരളത്തിന്റെ റൂൾ കർവായ 136 അടിയിൽ നിലനിർത്തണം. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി  കെ രാജനും അറിയിച്ചു. 

മുല്ലപ്പെരിയാർ: ഇന്ന് സുപ്രീം കോടതിയിൽ സംഭവിച്ചത്...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയാക്കി കുറക്കാൻ ഉണ്ടാക്കിയ ധാരണയിൽ നിന്ന് സുപ്രീംകോടതിയിൽ ഇന്ന് മേൽനോട്ട സമിതി മലക്കംമറി‍ഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ 139 അടിക്ക് താഴെ ജലനിരപ്പ് ക്രമീകരിക്കണം എന്നതായിരുന്നു കേരളത്തിന്‍റെ ആവശ്യം. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഇന്നലെ മേൽനോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ആശങ്കകൾ കേരളം അറിയിച്ചു. 137 അടിയാക്കി ജലനിരപ്പ് കുറക്കുന്നതിൽ അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. ഇതനുസരിച്ചുള്ള വിവരങ്ങളും രാവിലെ മേൽനോട്ട സമിതിയുടെ ഭാഗത്തുനിന്ന് മാധ്യമങ്ങൾ കിട്ടിയിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ നേരെ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. 

മഴ മാറിയതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്നും മേൽനോട്ട സമിതിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റര്‍ ജനറൽ ഐശ്വര്യ ഭാട്ട്യ വാദിച്ചു. അണക്കെട്ടിന്‍റെ സുരക്ഷ പ്രശ്നങ്ങൾ 2006 ലും 2014 ലും കോടതി തള്ളിയതാണ്. ഇക്കാര്യങ്ങളിൽ തങ്ങളുടെ തീരുമാനങ്ങൾ കേരളം എതിര്‍ക്കുകയാണെന്നും മേൽനോട്ട സമിതി കുറ്റപ്പെടുത്തി. 

എന്നാൽ വര്‍ഷങ്ങൾക്ക് മുമ്പത്തെ അവസ്ഥയായിരിക്കില്ല ഇന്ന് അണക്കെട്ടിനെന്ന് പറഞ്ഞ കോടതി, സുരക്ഷ പ്രശ്നങ്ങൾ ഗൗരവത്തോടെ കാണണമെന്ന് വ്യക്തമാക്കി. ജലനിരപ്പ് ഒക്ടോബര്‍ 30വരെ 138  അടി വരെ ഉയര്‍ത്താനേ ഇപ്പോൾ തീരുമാനം ഉള്ളെന്ന് തമിഴ്നാട് അറിയിച്ചു. ആശങ്കപ്പെടേണ്ട അടിയന്തിര സാഹചര്യമില്ലെന്നും തമിഴ്നാട് വാദിച്ചു. ജലനിരപ്പിൽ മാറ്റം വേണ്ടെന്ന മേൽനോട്ട സമിതിയുടെ അഭിപ്രായത്തിൽ  കേരളത്തിന്‍റെ നിലപാട് തേടിയാണ് കേസിലെ തീരുമാനം സുപ്രീംകോടതി നാളത്തേക്ക് മാറ്റിയത്. മഴ മാറിയതിനാൽ തൽക്കാലം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന പരാമര്‍ശവും സുപ്രീംകോടതി നടത്തി.

Follow Us:
Download App:
  • android
  • ios