Asianet News MalayalamAsianet News Malayalam

ഇനി കേരളത്തിന് പുറത്തേക്ക് ഓക്സിജൻ നൽകാൻ പറ്റാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി

കേരളത്തിന് അകത്തും പുറത്തുമുള്ള കൊവിഡ് രോഗികളെ കേരളം സഹായിക്കുന്നുണ്ട്. 86 മെട്രിക് ടൺ ഓക്സിജനാണ് ബഫർ സ്റ്റോക്ക് നിലവിലുള്ളത്. മെയ് 16 വരെ തമിഴ്നാടിന് 40 മെട്രിക് ടൺ ഓക്സിജൻ നൽകും. 

kerala will reduce supply of oxygen to outside state said CM
Author
Thiruvananthapuram, First Published May 10, 2021, 6:33 PM IST

തിരുവനന്തപുരം: കരുതല്‍ ശേഖരം അതിവേഗം തീരുന്നതിനാല്‍ ഇനി കേരളത്തിന് പുറത്തേക്ക് ഓക്സിജൻ നൽകാൻ പറ്റാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. മെയ് 15 എത്തുമ്പോള്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ ആറുലക്ഷം എത്തിയേക്കാം. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ സംസ്ഥാനത്ത് ആവശ്യമാണ്, അത് കൊണ്ട് പ്രതിദിനം ഉല്പാദിപ്പിക്കുന്ന  219 മെട്രിക് ടണ്‍ കേരളത്തില്‍ തന്നെ ഉപയോഗിക്കാൻ അനുവാദം തേടിയെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ - കേരളത്തിന്‍റെ ആവശ്യത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ ഓക്സിജൻ ലഭ്യമാക്കാൻ കേരളം ശ്രദ്ധിച്ചു. 219 മെട്രിക് ടണ്ണാണ് നമ്മുടെ ഉൽപ്പാദനം. ഒട്ടും ചോരാതെയും അനാവശ്യ ഉപയോഗം ഇല്ലെന്നും ഉറപ്പാക്കി സ്റ്റോക്കിന്റെ ഉത്തമ ഉപഭോഗം സംസ്ഥാനത്ത് സാധ്യമാക്കി. ദേശീയ ഗ്രിഡിൽ സമ്മർദ്ദം ചെലുത്താത്ത വിധം കേരളത്തിലെ ബഫർ സ്റ്റോക്ക് 450 മെട്രിക് ടണ്ണാക്കിയത് മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ആവശ്യാനുസരണം അയച്ചുകൊടുത്തു

.കേരളത്തിന് അകത്തും പുറത്തുമുള്ള കൊവിഡ് രോഗികളെ കേരളം സഹായിക്കുന്നുണ്ട്. 86 മെട്രിക് ടൺ ഓക്സിജനാണ് ബഫർ സ്റ്റോക്ക് നിലവിലുള്ളത്. മെയ് 16 വരെ തമിഴ്നാടിന് 40 മെട്രിക് ടൺ ഓക്സിജൻ നൽകും. അതിന് ശേഷം കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാനാവില്ല. മെയ് 15 ഓടെ ആക്ടീവ് കേസ് ആറ് ലക്ഷമായി ഉയർന്നേക്കും. അങ്ങിനെ വന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരുടെ എണ്ണവും ഉയരും. അപ്പോൾ 450 മെട്രിക് ടൺ ഓക്സിജൻ വേണ്ടി വരും.

 അടിയന്തിര ഘട്ടങ്ങളിൽ കേരളത്തിലേക്ക് മറ്റിടങ്ങളിൽ നിന്ന് ഓക്സിജൻ എത്തിക്കൽ വിഷമകരമാണ്. കേരളത്തിൽ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്ന 219 മെട്രിക് ടൺ ഓക്സിജനും കേരളത്തിന് അനുവദിക്കണമെന്നും അതിലുമധികമായി വേണ്ടിവരുന്നത് സ്റ്റീൽ പ്ലാന്‍റുകളില്‍ നിന്ന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടും.കേന്ദ്രം ക്രയോ ടാങ്കർ സമാഹരിച്ച് സംസ്ഥാനങ്ങൾക്ക് ലിക്വിഡ് ഓക്സിജൻ എത്തിക്കണമെന്നും അതിനായി ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ ഓടിക്കണമെന്നും അഭ്യർത്ഥിച്ചു.

 കെഎംഎംഎല്ലിന്‍റെ 2020 ഒക്ടോബർ 10 ന് ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ നിന്ന് ദിവസവും ഉൽപ്പാദിപ്പിക്കുന്ന 7 ടൺ വരെ ദ്രവീകൃത ഓക്സിജനാണ്. 1200 ടണോളം ഇതുവരെ ഉൽപ്പാദിപ്പിച്ചത് ആരോഗ്യവകുപ്പിന് വിതരണം ചെയ്തു. ഇവിടെ മൂന്ന് കോടി ചെലവാക്കി മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം പത്ത് ടണ്ണാക്കി വർധിപ്പിക്കാൻ അനുമതി നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios