തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 5 ദിവസത്തിനിടെ കിട്ടിയത് 467 മില്ലി മഴ. ഈ കാലവർഷത്തിൽ കിട്ടേണ്ട മഴയുടെ നാലിലൊന്നും കിട്ടിയത് ഈ അഞ്ച് ദിവസം കൊണ്ടാണ്. നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. സംസ്ഥാനത്തെ കാലാവസ്ഥയിലുണ്ടായ അപകടകരമായ ചില മാറ്റങ്ങളിലേക്കാണ് അടുപ്പിച്ചുള്ള വര്‍ഷങ്ങളിലുണ്ടായ പ്രളയം വിരല്‍ ചൂണ്ടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. 

മുന്‍പ് ആറ് മാസം മഴയും അവശേഷിച്ച സമയം ചൂടും തണ്ണുപ്പും ഇങ്ങനെ സമ്മിശ്രമായിരുന്നു കേരളത്തിന്‍റെ കാലാവസ്ഥ. എന്നാല്‍ ഈ സ്വഭാവത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. ചൂടുകാലം കൂടി. ഒരു വര്‍ഷം പെയ്യേണ്ട മഴ ഒന്നോ രണ്ടോ മാസം കൊണ്ടു ഒരുമിച്ചു പെയ്യുന്നു. മഴയുടെ പാറ്റേർണിൽ വ്യത്യാസം വന്നു എന്നതാണ് ശ്രദ്ധേയം. 

സാധാരണ ജൂൺ - ജൂലൈ കൂടുതൽ ലഭിക്കുന്ന മഴ ഇപ്പോൾ ഓഗസ്റ്റിലേക്ക് മാറി. കൂടാതെ മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു പക്ഷെ കുറച്ച് സമയം കൊണ്ടു കൂടുതൽ മഴ പെയ്യുന്ന സന്ദർഭങ്ങൾ കൂടി വരുന്നു. മൊത്തത്തിൽ മഴയുടെ അളവിന് വ്യത്യാസം വരുന്നില്ല. ഇത്തരം മഴയുടെ വിതരണം കാർഷിക മേഖലയെ കാര്യമായി ബാധിക്കും.

അതേസമയം സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുകയാണ്. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ  'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ആറ് ജില്ലകളിൽ 'ഓറഞ്ച്' അലർട്ട് ആയിരിക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച  'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം ,ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.