സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കി മാറ്റാനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബിൽ പാസായത്. രാജ്യസഭയുടെ അംഗീകാരം കൂടി ലഭിച്ച് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരും
ദില്ലി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരള എന്നുള്ളത് കേരളം ആക്കി മാറ്റുന്നത് യാഥാർഥ്യത്തിലേക്ക്. പേരുമാറ്റലിന്‍റെ ഭാഗമായുള്ള ചരിത്രപ്രധാനമായ ബിൽ ലോക്സഭ പാസാക്കി. സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിനിടയിലാണ് ബിൽ പാസായത്. ഇനി രാജ്യസഭയുടെ കൂടി അംഗീകാരം ലഭിച്ച് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ 'കേരളം' എന്ന പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഔദ്യോഗികമായി നിലവിൽ വരും. സംസ്ഥാനത്തിന്റെ പേര് മാറ്റാൻ ഏഷ്യാനെറ്റ് ന്യൂസ് ഉയർത്തിയ 'മുഴങ്ങട്ടെ കേരളം' ക്യാമ്പയിന് പിന്നാലെയാണ് നടപടികൾക്ക് വേഗത കൈവന്നത്. മുഴങ്ങട്ടെ കേരളം പരമ്പരയ്ക്കു ശേഷമമാണ് പേരുമാറ്റത്തിന് ശുപാർശ ചെയ്യുന്ന പ്രമേയം സംസ്ഥാന നിയമസഭ പാസ്സാക്കിയത്. കേന്ദ്രമന്ത്രി സഭ തയ്യാറാക്കിയ ബില്ലിന് അടുത്തിടെ നിയമസഭ അംഗീകാരം നല്കിയിരുന്നു. ലോക്സഭയിൽ ഇന്ന് ബില്ല് വന്നപ്പോൾ പ്രതിപക്ഷം നടുത്തളത്തിൽ നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരിലാണ് ബില്ല് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും സഹമന്ത്രി നിത്യാനന്ദ റായി ആണ് ബില്ല് പരിഗണിക്കണമെന്ന നിർദ്ദേശം വച്ചത്. കോൺഗ്രസ് ബില്ല് പാസ്സാക്കുന്ന സമയത്തും ബഹളം തുടർന്നതിനെ മന്ത്രി വിമർശിച്ചു.
പാസാക്കിയത് ചർച്ചയില്ലാതെ
എന്നാൽ, ബില്ലിൽ ചർച്ചയ്ക്ക് അന്തരീക്ഷം ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി വിമർശിച്ചു. ചർച്ച കൂടാതെ ബിൽ പാസാക്കരുതെന്ന യു ഡി എഫ് എം പിമാരുടെ ആവശ്യം തള്ളിയെങ്കിലും, ബഹളത്തിനിടയിലും ബില്ലിനെ അനുകൂലിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇത് കേരളത്തിലെ ജനങ്ങളുടെ ദീർഘകാലമായുള്ള അഭിലാഷത്തിന്റെ വിജയമാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. ശബ്ദ വോട്ടോടെ ബില്ലിന് സഭ അംഗീകാരം കൊടുക്കുമ്പോൾ കേരളത്തിലെ അംഗങ്ങളും കൈ ഉയർത്തി പിന്തുണച്ചു. ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നത് വരെ ബില്ല് മാറ്റി വയ്ക്കണം എന്ന് ചില കോൺഗ്രസ് എം പിമാർ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അംഗീകരിച്ചില്ല.
സംസ്ഥാന രൂപീകരണ സമയം മുതൽ മലയാളത്തിൽ 'കേരളം' എന്നാണെങ്കിലും ഭരണഘടനയിൽ 'കേരള' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം കേന്ദ്ര സർക്കാർ ലോക്സഭയിൽ ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയത്. ബില്ല് നാളെ രാജ്യസഭയിലും പരിഗണനയ്ക്ക് എടുത്തേക്കും. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലും നാലാം ഷെഡ്യൂളിലും രണ്ട് അനുച്ഛേദങ്ങളിലും കേരളം ഉൾപ്പെടുത്താനുള്ള ബില്ല് പാസാകുന്നതോടെ സർക്കാർ സീലിനു പുറമെ നിരവധി സർക്കാർ സ്ഥാപനങളുടെ പേരുകളിലും മാറ്റം വേണ്ടി വരും.

