തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തിന് വളരെ ആശ്വാസം നൽകുന്ന ദിവസമായിരുന്നു ഇന്ന്. പുതുതായി ഒരാൾക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതൊടൊപ്പം രണ്ടേകാൽ ലക്ഷം വരെ ഉയർന്നു പോയ നിരീക്ഷണപട്ടിക ഒരു ലക്ഷത്തിന് താഴേക്ക് വന്നു. 

ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25ന്  ശേഷം ഏറ്റവും കുറവ് പേർക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്.  ഇന്ന് രോഗം സ്ഥിരീകരിച്ച ഒരേയൊരാളായ കണ്ണൂർ മൂര്യാട് സ്വദേശിക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗമുക്തരായ  7 പേരിൽ 4 പേർ കാസർഗോഡ് സ്വദേശികളും  2 പേർ കോഴിക്കോട് സ്വദേശികളും ഒരാൾ കൊല്ലം സ്വദേശിയുമാണ്. 

97464  പേർ മാത്രമാണ് കേരളത്തിൽ ഇനി കൊവിഡ് നിരീക്ഷണത്തിലുള്ളത് മാർച്ച് അവസാനവാരം ഇതിൻ്റെ രണ്ടിരട്ടി പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്കിൽ കേരളം മുന്നിൽ തുടരുകയാണ്.  6 ദിവസത്തിനിടെ രോഗം ബാധിച്ചത് 31 പേർക്ക്. അതേസമയം 121 പേർക്ക് രോഗം ഭേദമായി.  രോഗം ബാധിച്ചവരുടെ നാലിരട്ടി പേർ ഈ ദിവസങ്ങൾക്കകം രോഗമുക്തരായി.  

ആശങ്ക ഉയർത്തി രാജ്യത്ത് രോഗനിരക്ക് ഉയരുമ്പോഴാണ് കേരളം ഈ നേട്ടം നിലനിർത്തുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 9611 പേരെയാണ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്.  ലോക്ക് ഡൗണിന് ശേഷം ഏറ്റവും കൂടുതൽ കേസുകൾ വന്നത് മാർച്ച് 27നായിരുന്നു. അന്ന് 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  

വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്നതാണ് കൂടുതൽ ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങുമെന്ന ഉറപ്പ്.  ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയെങ്കിലും അന്തസംസ്ഥാന , അന്തർ ജില്ലാ ബസ് സർവ്വീസുകൾ തുടങ്ങില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരാഗത മേഖലയിലും കാർഷിക-തോട്ടം മേഖലകളിലുമാണ് ഇളവുകൾ ഉണ്ടാവുക.