Asianet News MalayalamAsianet News Malayalam

കേരളവർമ്മ തെരഞ്ഞെടുപ്പ് വിവാദം: 'തനിക്കെതിരായ സമരം അപഹാസ്യം'; കെഎസ്‍യുവിനെതിരെ മന്ത്രി ആർ ബിന്ദു

കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെഎസ്‍യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Keralavarma college union election controversy Minister R Bindu against KSU nbu
Author
First Published Nov 8, 2023, 12:39 PM IST

തിരുവനന്തപുരം: കേരളവർമ്മ തെരഞ്ഞെടുപ്പ് വിവാദമായി ബന്ധപ്പെട്ട് കെഎസ്‍യുവിനെതിരെ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെഎസ്‍യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നത് അപഹാസ്യമാണെന്നും ആര്‍ ബിന്ദു വിമര്‍ശിച്ചു.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും അതാത് കോളേജുകളിൽ ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫീസർക്കാണ്. അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവ്വകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമാപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്. സർവ്വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല; ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമുമ്പ് അന്ന് പ്രിൻസിപ്പൽ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അദ്ധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നു. വകുപ്പുമന്ത്രി വിഷയത്തിൽ ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവർ ഇപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണം. കോളേജ് കവാടത്തിന് മുന്നിൽ കെഎസ്‍യു സംസ്ഥാന അദ്ധ്യക്ഷൻ തുടങ്ങിയ നിരാഹാരം നിർത്തി പോയതെന്തിനെന്നും പറയണമെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios