പ്രതീക്ഷ നൽകുന്ന നടപടി സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും വിജയ് ശര്‍മ അറിയിച്ചുവെന്നും അനൂപ് ആന്‍റണി പറഞ്ഞു

റായ്പുര്‍: കന്യാസ്ത്രീകളുടെ അറസ്റ്റിൽ നീതിപൂര്‍വമായ പരിഹാരമുണ്ടാകുമെന്ന് കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലെത്തിയ ബിജെപി പ്രതിനിധി അനൂപ് ആന്‍റണി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അനൂപ് ആന്‍റണി. വിഷയത്തിൽ പ്രതിപക്ഷം കളിക്കുന്നത് കഴുകന്‍റെ രാഷ്ട്രീയമാണെന്നും നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നൽകിയെന്നും നിയമത്തെ അട്ടിമറിച്ചല്ല സര്‍ക്കാര്‍ ഇടപെട്ടതെന്നും അനൂപ് ആന്‍റണി പറഞ്ഞു.

സിസ്‌റ്റർമാരുടെ കാര്യത്തിൽ പ്രതീക്ഷ നൽകുന്ന ഇടപെടൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. പെൺകുട്ടികളെ നക്സൽ ബാധിത മേഖലയിൽ നിന്നും എത്തിച്ചതിൽ അടക്കം കൂടുതൽ പേരിലേക്ക് അന്വേഷണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ഉടൻ കാണുമെന്നും സഭാ നേതൃത്വത്തെയും കാണാൻ ശ്രമിക്കുമെന്നും അനൂപ് ആന്‍റണി പറഞ്ഞു. കേരള ബിജെപി കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ട്. കന്യാസ്ത്രീകളെ കുടുക്കിയത് ആണോ എന്നതിൽ അടക്കം അന്വേഷണം വേണം. പ്രതിപക്ഷം കഴുകൻ രാഷ്ട്രീയം കളിക്കരുത്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും എന്ന് ഉപമുഖ്യമന്ത്രി ബിജെപി പ്രതിനിധിയെ അറിയിച്ചു. ക്രൈസ്തവ സമൂഹത്തിന് വേണ്ടി നീതി പൂർവമായ ഇടപെടൽ ഉണ്ടാകുമെന്ന് വിജയ് ശർമ അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കും.

പ്രതീക്ഷ നൽകുന്ന നടപടി സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും വിജയ് ശര്‍മ അറിയിച്ചുവെന്നും അനൂപ് ആന്‍റണി പറഞ്ഞു.അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചര്‍ച്ചയില്ലെന്ന് രാജ്യസഭയിൽ സര്‍ക്കാര്‍ നിലപാട് എടുത്തു. ചര്‍ച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസുകള്‍ ഇന്നും തള്ളി. ഇതോടെ രാജ്യസഭയിൽ പ്രതിപക്ഷ ബഹളമുണ്ടായി. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന് രാജ്യസഭാ അധ്യക്ഷ ആവശ്യപ്പെട്ടു.

YouTube video player