ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രികളില്‍ സുരക്ഷയില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍. ഉപയോഗിച്ചു പഴകിയ പിപിഇ കിറ്റും ഗ്ലൗസുമായാണ് കൊവിഡ് വാര്‍ഡിലെ ജോലിക്ക് നല്‍കുന്നതെന്ന് മലയാളി നഴ്സിന്‍റെ വെളിപ്പെടുത്തല്‍. രോഗ പരിശോധനയ്ക്ക് പോലും ആശുപത്രികള്‍ തയാറാവുന്നില്ലെന്നും പരാതി.

മലയാളി നഴ്സിന്‍റെ വാക്കുകള്‍

ഗൗസ് ഒക്കെ ഒരു ജോഡി ഉണ്ടെങ്കില്‍ നമ്മള്‍ ആറുമണിക്കൂറോ പന്ത്രണ്ട് മണിക്കൂറോ ഉണ്ടെങ്കി കഴുകിക്കഴുകി ഉപയോഗിക്കണമെന്നാ പറഞ്ഞത്. മാസ്ക് ഒക്കെ പതിനഞ്ച് ഇരുപത് ദിവസം ഉപയോഗിക്കണമെന്നും. ഇവിടുത്തെ ഐസിയുവിലെ സ്റ്റാഫെല്ലാം ക്വാറന്‍റീനിലായിപ്പോയി. ഞാനും ക്വാറന്‍റൈനിലായി. എനിക്ക് ടെസ്റ്റ് ചെയ്തില്ല. ടെസ്റ്റ് ചെയ്താല്‍ എനിക്കും കൊവിഡ് പോസിറ്റീവായിരിക്കും. ആശുപത്രി അധികൃതര്‍ ചെയ്തില്ല. ഇവിടെ സ്റ്റാഫ് 150 പേരുണ്ടെങ്കില്‍ 146 എണ്ണവും പോസിറ്റീവായിരിക്കുമെന്ന് അറിയാം. അതുകൊണ്ടാണ് ചെയ്യാത്തത്. ആശുപത്രി പൂട്ടേണ്ടി വരുമല്ലോ

കൊവിഡ് ബാധിച്ച് ദില്ലിയില്‍ ഒരുമാസത്തിനിടെ രണ്ട് മലയാളി നഴ്സുമാരാണ് മരിച്ചത്. 1500 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൂടുതല്‍പ്പേര്‍ രോഗികളാവുന്നതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്സ്.

രോഗികളുടെ എണ്ണമുയര്‍ന്നതോടെ പന്ത്രണ്ട് മണിക്കൂറിലേറെയാണ് ജോലി സമയം. സുരക്ഷിതമല്ലാതെ ജീവിതം. സുരക്ഷ ഉറപ്പാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടിട്ടും നടപടിയെടുത്തില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും പ്രതികരിക്കുന്നു. മുപ്പത്തിമൂവായിരത്തിലേറെയാണ് ദില്ലിയിലെ കൊവിഡ് രോഗികള്‍. ഈമാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ആശുപത്രികളുടെ ഈ പെരുമാറ്റം കൊവിഡ് പ്രതിരോധ നടപടികളെയും ബാധിക്കും.