ദില്ലി: ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിർത്തിപ്രദേശമായ രജൗരി സുന്ദർബെനിയിൽ നടന്ന പാക്ക് ഷെല്ലാക്രമണത്തിലാണ് ജീവൻ പൊലിഞ്ഞത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താൻ ഇരിക്കുകയായിരുന്നു അനീഷ്. 

ഇന്നലെ ഉച്ചയോടെയാണ് പാക്ക് ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു.

കരസേനയുടെ ഭാഗമായ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് വീരമൃത്യു വരിച്ച അനീഷ് തോമസ്. പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് അനീഷിന് പരിക്കേറ്റത്. ഒരു മേര്‍ജറിനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റുവെന്നായിരുന്നു ഇന്നലെ സൈന്യം പുറത്ത് വിട്ട വിവരം. പരിക്കേറ്റ മേജർ അടക്കം മറ്റു മൂന്നു സൈനികരുടെ നില ഗുരുതരമല്ലെന്ന് സൈന്യം അറിയിച്ചു. ഇവരുടെ ചികിത്സ തുടരുകയാണെന്നും സൈനിക വക്താവ് വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം അനീഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തോമസ്- അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്. എമിലിയാണ് അനീഷിന്‍റെ ഭാര്യ. ഏകമകൾ ഹന്ന. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ വീരമൃത്യു വരിക്കുന്ന പത്താമത്തെ സൈനികനാണ് അനീഷ് തോമസ്. ഈ മാസം ആദ്യം രജൗരിയിൽ പാകിസ്താന്റെ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ മേഖലയിലെ നിരവധി വീടുകൾക്കും കേടുപാടുകൾ പറ്റി. അതിർത്തിയിലെ പാക് പ്രകോപനത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.