ടെഹ്‍റാന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മൂന്ന് മലയാളികൾ ഉണ്ടെന്ന് സ്ഥിരീകരണം. മൂന്ന് പേരും എറണാകുളം സ്വദേശികളാണ്. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിലുണ്ടെന്ന് കപ്പൽ കമ്പനി ബന്ധുക്കളെ അറിയിച്ചു. ഡിജോയ്ക്ക് ഒപ്പം തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികളും കൂടി കപ്പലിലുണ്ടെന്നാണ് വിവരം. കപ്പലിന്‍റെ ക്യാപ്റ്റൻ എറണാകുളം സ്വദേശിയാണെന്ന് ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, മലയാളികൾ കപ്പലിൽ ഉണ്ടെന്നതിന്  ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്തത്.

അതേസമയം, ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കപ്പലിൽ കുടുങ്ങിയ 18 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം ഊർജിതമാക്കി. ജീവനക്കാർക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാൻ ഇന്ത്യക്ക് ഉറപ്പു നൽകിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച എണ്ണ കപ്പൽ വിട്ടു കിട്ടാതെ ബ്രിട്ടീഷ് കപ്പൽ കൈമാറില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാൻ പിടിച്ചെടുത്തത്. പതിനെട്ട് ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യക്കാരെ മോചനത്തിനായി ശ്രമിക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

Also Read: ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളികളും; കപ്പലിന്‍റെ ഉടമസ്ഥരുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകൾ രൂക്ഷമാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ബ്രിട്ടന്‍റെ എണ്ണക്കപ്പൽ സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തത് പ്രതികാര നടപടിയുടെ ഭാഗമായാണെന്നാണ് ഇറാൻ വ്യക്തമാക്കിയത്. കപ്പൽ വിട്ടു നല്‍കണണമെന്ന് ഇറാനോട് ബ്രിട്ടന്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ബ്രിട്ടീഷ് സ്ഥാനപതി ഇറാനുമായി ചർച്ച നടത്തുന്നുണ്ട്. സൈനിക നടപടി കൂടാതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്ന് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഹോർമൂസ് കടലിടുക്കിലൂടെ തത്ക്കാലം കപ്പലുകൾ അയക്കെണ്ടതില്ലെന്നാണ് ബ്രിട്ടന്‍റെ തീരുമാനം.

അതേസമയം, ഇറാനെതിരെ യുദ്ധസന്നാഹമൊരുക്കുന്ന അമേരിക്ക സൗദി അറേബ്യയിലേയ്ക്ക് കൂടുതൽ സൈന്യത്തെ അയച്ചു. 500 സൈനികരെയാണ് ആദ്യ ഘട്ടത്തിൽ അയച്ചത്. കൂടുതൽ സൈനികരെ ഉടൻ അയക്കും. ഇറാന്‍റെ നടപടിക്കെതിരെ റഷ്യ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തി. പ്രതിഷേധം കനക്കുന്നതിനിടെ, കപ്പൽ പിടിച്ചെടുത്തതിന്‍റെ ദൃശ്യങ്ങള്‍ ഇറാൻ പുറത്തുവിട്ടു. ഹെലികോപ്റ്ററിൽ സൈന്യം കപ്പലിൽ ഇറങ്ങുന്ന ദൃശ്യങ്ങളാണ് ഇറാൻ പുറത്തുവിട്ടത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീംകോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടിഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്.