Asianet News MalayalamAsianet News Malayalam

വാളയാറിൽ നിരവധി പേർ കുടുങ്ങി; തിരികെ പോകാൻ അനുവദിക്കാതെ തമിഴ്‌നാടും; പ്രശ്നം പരിഹരിക്കാൻ ശ്രമം

മെയ് 17ാം തീയതി വരെയുള്ള പാസ് നൽകിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന് ഭയന്ന് വരുന്നവരാണ് അധികവും. തിരിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനും സാധിക്കുന്നില്ല

Keralites returned home from other states stoped at walayar for not having pass
Author
Walayar, First Published May 9, 2020, 11:53 AM IST

പാലക്കാട്: വാളയാർ ചെക്പോസ്റ്റിലും നാട്ടിലേക്ക് മടങ്ങുന്ന നിരവധി മലയാളികൾ കുടുങ്ങിക്കിടക്കുന്നു. നിയന്ത്രണം ശക്തമാക്കിയതോടെ പാസ് ഇല്ലാതെ വരുന്നവരെ കടത്തിവിടേണ്ടെന്നാണ് തീരുമാനം. മണിക്കൂറുകളായി നൂറ് കണക്കിനാളുകളാണ് കുടുങ്ങിയത്.

മെയ് 17ാം തീയതി വരെയുള്ള പാസ് നൽകിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന് ഭയന്ന് വരുന്നവരാണ് അധികവും. തിരിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനും സാധിക്കുന്നില്ല. ചിലരെ നേരത്തെ തമിഴ്നാട് അതിർത്തിയിൽ പൊലീസ് വിരട്ടിയോടിച്ചു. ഇപ്പോൾ മന്ത്രി ബാലന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. 

അതേസമയം അതിർത്തി കടന്ന് വരുന്നവർ നിരീക്ഷണത്തിൽ പോകേണ്ടത് അതാത് ജില്ലകളിലാണെന്ന് വാളയാറിലെ ആരോഗ്യ വകുപ്പ് അധികൃതർ വിശദീകരിച്ചു. ചെക്ക്‌പോസ്റ്റിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണ്, നാട്ടിലേക്ക് മടങ്ങുന്നവരെ അതിർത്തി കടത്തുന്നതെന്നും ദേശീയ ആരോഗ്യ മിഷൻ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രചന ചിദംബരം വ്യക്തമാക്കി.

പാസ് ഇല്ലാതെ അതിർത്തിയിലെത്തിയവരെ കേരളത്തിലേക്ക് കടത്തില്ലെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള ആവർത്തിച്ചു. മുത്തങ്ങ ചെക്പോസ്റ്റിലൂടെ ഇങ്ങിനെ വരുന്നവരെ കടത്തിവിടില്ല. പാസ് ഇല്ലാത്തവരെ അതിർത്തിയായ മൂലഹള്ളിയിൽ തടയുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios