Asianet News MalayalamAsianet News Malayalam

കെവിൻ കേസ്: എസ് ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

എംഎസ് ഷിബുവിനെ സർവ്വീസിലേക്ക് തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. 

kevin case suspended si shibu reinstated order freezed
Author
Thiruvananthapuram, First Published May 30, 2019, 4:21 PM IST

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ സർവ്വീസിലേക്ക് തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. 

കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്‍റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഗാന്ധിനഗർ എസ്ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഐ ജി 28നാണ് ഉത്തരവിറക്കിയത്. നടപടി വിവാദമായത്തോടെ, എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടിരുന്നു. 

കെവിന്‍റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്‍റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നൽകിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാൻ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്‍റെ അച്ഛൻ രാജൻ ജോസഫ് പറഞ്ഞിരുന്നു. അതേസമയം, എസ്ഐയെ തിരിച്ചെടുത്ത സംഭവം താൻ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ്ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബെഹ്റ പ്രതികരിച്ചിരുന്നു.

നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ രാജൻ ജോസഫും ഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം എസ് ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയ നീനുവിനോട്  വി ഐ പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ് ഐ കയര്‍ത്തെന്നും പരാതി ഉയര്‍ന്നു. കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ് ഐയെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നത്.

കെവിനെ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞിട്ടും, പ്രതികളെ കുറിച്ച് വിവരം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഗുരുതര അനാസ്ഥയാണെന്നാണ് കണ്ടെത്തിയിരുന്നു. ഉച്ചക്ക് നാല് മണിയോട് എസ്പി നേരിട്ട് നിർദ്ദേശിച്ചിട്ടും തെന്മലയിലേക്ക് സംഘത്തെ വിട്ടിരുന്നുമില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്നെന്ന് എസ്ഐ ഷിബു വിശദീകരണം നൽകിയിരുന്നു.

കേസിലെ മുഖ്യ പ്രതി സാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ എസ് ഐ ബിജുവിനെയും പിരിച്ചു വിട്ടിരുന്നു. പൊലീസ് ഡ്രൈവര്‍ അജയകുമാറിന്‍റെ മൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റും റദ്ദാക്കി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയെ വ്യക്തമായി വിവരം ധരിപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് പി മുഹമ്മദ് റഫീഖിനെയും അന്ന് സ്ഥലം മാറ്റിയിരുന്നു.

Follow Us:
Download App:
  • android
  • ios