കൊച്ചി: കെവിൻ കേസിൽ നീനുവിനെ ഈയാഴ്ച വിസ്തരിക്കും. കെവിൻ താഴ്ന്ന ജാതിയിൽപ്പെട്ടത് കൊണ്ട് നീനുവുമായുള്ള വിവാഹം അംഗീകരിക്കില്ലെന്ന് ഷാനു ചാക്കോ പറഞ്ഞുവെന്ന് കെവിന്റ ബന്ധുക്കൾ മൊഴി നൽകി.

കെവിൻ കേസിലെ നിർണ്ണായസാക്ഷി നീനുവിനെ ഈയാഴ്ച തന്നെ വിസ്തരിക്കാനാണ് പ്രോസിക്യൂഷന്റ തീരുമാനം. നീനുവിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതാണ് പ്രോസിക്യുഷന്റ നിലപാട്. മറ്റ് സാക്ഷികളെ വിസ്തരിച്ച ശേഷം നീനുവിനെ വിസ്തരിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ഉടൻ വിസ്താരണ ആരംഭിക്കാന്‍ തീരുമാനം മാറ്റുകയായിരുന്നു. ഈയാഴ്ച കഴിഞ്ഞാൽ കോടതി പത്ത് ദിവസം അവധിയാണ്. അതിനാൽ അവധിക്ക് മുൻപ് വിസ്തരിക്കാനാണ് തീരുമാനം.

കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റ വാദം ശരിവയ്ക്കുന്ന മൊഴിയാണ് ബന്ധുക്കൾ നൽകിയത്. നീനുവിന്റ അച്ഛൻ ചാക്കോയും സഹോദരൻ ഷാനു ചാക്കോയും കെവിനുമായുള്ള വിവാഹത്തെ ശക്തമായി എതിർത്തുവെന്ന് ബന്ധു സന്തോഷിന്റ മൊഴി. 

താഴ്ന്ന ജാതിയിലായതിനാൽ കെവിനുമായുള്ള വിവാഹം അംഗീകരിക്കില്ലെന്നായിരുന്നു മൊഴി. നീനുവിനെ തിരിച്ച് കിട്ടാൻ വില പേശാനാണ് കെവിനെയും അനീഷിനേയും തട്ടിക്കൊണ്ട് പോയത്. പ്രതികൾ ആദ്യം താമസിക്കാനെത്തിയ ഹോട്ടലിലെ മാനേജർ മുഖ്യപ്രതി ഷാനുചാക്കോ ഉൾപ്പടെ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

നേരത്തെ കെവിൻ കേസിലെ 28-ാം സാക്ഷി കൂറുമാറിയിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോയത് അറിഞ്ഞിരുന്നുവെന്നതുൾപ്പടെ മൊഴി നൽകിയ അബിൻ പ്രദീപാണ് കൂറുമാറിയത്.കുറ്റകൃത്യം നടക്കുന്നതിന്റ തലേദിവസം  പ്രതികൾ രണ്ട് പേരെ തട്ടിക്കൊണ്ട് വരാൻ ആസുത്രണം ചെയ്യുന്നത് അറിഞ്ഞിരുന്നുവെന്ന് അബിൻ പ്രദീപ് പൊലീസിന് നൽകിയ മൊഴിയിൽ പറ‍ഞ്ഞിരുന്നു. കെവിൻ കൊല്ലപ്പെട്ട ദിവസം പ്രതികൾ ആയുധം ഒളിപ്പിക്കുന്നത് കണ്ടതായും പൊലീസിനോടും ചങ്ങനാശ്ശേരി മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയിലും വ്യക്തമാക്കിയിരുന്നു. 

എന്നാൽ പൊലീസിന്റ ഭീഷണി മൂലമാണ് ഇത്തരമൊരു മൊഴി നൽകിയതെന്നാണ് അബിൻ വിസ്താരത്തിൽ പറഞ്ഞത്. ഇങ്ങനെ പറഞ്ഞില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഭീഷണി മൂലം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് അബിൻ കോടതിയിൽ വ്യക്തമാക്കി.