തിരുവനന്തപുരം: സി പി എമ്മിലെ ഡി.സുരേഷ് കുമാർ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കെജി രാജേശ്വരി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെയും പ്രസിഡന്റാകും. തിരുവനന്തപുരത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. യുഡിഎഫിന് ഈ വിഭാഗത്തിൽ നിന്ന് ആരും ഇല്ലാത്തതിനാൽ സുരേഷ് കുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് 20 സീറ്റും യുഡിഎഫിന് ആറ് സീറ്റുമാണ് ഉള്ളത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. എന്നാൽ ഒടുവിൽ സിപിഎം തീരുമാനത്തിന് സിപിഐ വഴങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സിപിഎമ്മിന് തന്നെ നൽകും. കഴിഞ്ഞതവണത്തെ പോലെ അവസാന വർഷം വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നൽകുന്ന കാര്യം  എൽഡിഎഫ് സംസ്ഥാന നേതൃത്വം പിന്നീട്  തീരുമാനിക്കും.  സിപിഎമ്മിലെ ദലീമ ജോജോയാണ് വൈസ് പ്രസിഡന്റാവുക.

തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് LDF സ്ഥാനാർഥിയായി പി.കെ ഡേവീസ് മാസ്റ്റർ മത്സരിക്കും. ആളൂർ ഡിവിഷനിൽ നിന്നാണ് ഡേവീസ് മാസ്റ്റർ വിജയിച്ചത്. സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും, കേരള കർഷക സംഘം ജില്ലാ സെക്രട്ടറിയുമാണ്. യു ഡി എഫിന്റെ അഡ്വ ജോസഫ് ടാജറ്റാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പുത്തൂർ ഡിവിഷനിൽ നിന്നാണ് ജോസഫ് ടാജറ്റ് വിജയിച്ചത് ഡിസിസി വൈസ് പ്രസിഡന്റ്‌.