ഒരിക്കൽ പോലും കുറവുകൾ പരിഹരിക്കാം എന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും പരിമിതികൾ സഹിച്ച് ഇനി ജോലി ചെയ്യാനില്ലെന്നും മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയെ സസ്പെൻഡ് നടപടിയിൽ ആഞ്ഞടിച്ച് ഡോക്ടർമാരുടെ കെജിഎംസിടിഎ. ചികിത്സ വേണ്ടത് സിസ്റ്റത്തിനാണെന്നും ഒറ്റമൂലി കൊണ്ട് പരിഹാരം കാണാനാവില്ലെന്നും സംഘടന പറഞ്ഞു. അന്വേഷണം പൂർത്തിയാകും മുൻപുള്ള സസ്പെൻഷൻ അംഗീകരിക്കാനാവില്ല. സിസ്റ്റം ഇങ്ങനെ എങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും.
ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്ന് പത്ത് വർഷമായി പറയുന്നു. ആശുപത്രികൾ ജോലി ചെയ്യുന്നത് മന്ത്രി അല്ല, ഡോക്ടർമാരാണ്. ആശുപത്രികളിലെ കുറവ് അറിയുന്നത് ഞങ്ങൾക്കാണെന്നും എല്ലാ സൗകര്യവും ഉണ്ടെന്ന് ആണോ കരുതുന്നതെന്നും ഇവർ ചോദിച്ചു. ആരോഗ്യമന്ത്രി സംവാദത്തിന് തയാറാണോയെന്നും ഒരിക്കൽ പോലും കുറവുകൾ പരിഹരിക്കാം എന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും പരിമിതികൾ സഹിച്ച് ഇനി ജോലി ചെയ്യാനില്ലെന്നും മുന്നറിയിപ്പ് നൽകി. സിസ്റ്റത്തിന്റെ പരാജയം ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് തലപ്പത്ത് ഇരിക്കുന്നവരാണെന്നും പറഞ്ഞു.
ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ ശാസ്ത്രകിയ ഉപകരണം കുടുങ്ങിയതിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും ഇന്നലെ രാത്രി തന്നെ സസ്പെൻഡ് ചെയ്തു. വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ.ലളിതാംബിക സർവീസിൽ നിന്ന് വിരമിച്ചതിനാൽ, ഇവർക്ക് എതിരായ നടപടിയിലും ആരോഗ്യവകുപ്പ് ഉടൻ തീരുമാനം എടുക്കും. ഇവർക്കെതിരെ കൈക്കൂലി ആരോപണവും പരാതിക്കാർ ഉന്നയിച്ചിരുന്നു
