Asianet News MalayalamAsianet News Malayalam

ഉത്തരവാദിത്തം നിറവേറ്റാതെ നേതാക്കൾക്ക് പകരക്കാർ വരും: സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ മുന്നറിയിപ്പുമായി ഖാർഗെ

പാര്‍ട്ടിക്ക് ഇങ്ങനെ മുന്‍പോട്ട് പോകാനാവില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ചുമതലകളുള്ളവര്‍ അവരുടെ കടമകള്‍ നിറവേറ്റുന്നുണ്ടോയെന്ന് ആത്മ പരിശോധന നടത്തണം. ചുമതല നല്‍കിയ പ്രദേശങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പത്ത് ദിവസമെങ്കിലും നില്‍ക്കുന്നുണ്ടോയെന്ന് ഖര്‍ഗെ ചോദിച്ചു.

Kharge warns leaders in Steering committee meeting
Author
First Published Dec 4, 2022, 8:56 PM IST

ദില്ലി: സംഘടനാ ദൗര്‍ബല്യത്തിനെതിരെ ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ താഴോട്ടുള്ളവര്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഖര്‍ഗെ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്ലീനറി സമ്മേളനം ഫെബ്രുവരി രണ്ടാം പകുതിയില്‍ ഛത്തീസ്ഗണ്ഡിലെ റായ്പൂരില്‍ നടത്താനും ദില്ലിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 

മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, സംഘടന ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിക്ക് ഇങ്ങനെ മുന്‍പോട്ട് പോകാനാവില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയത്. ഉത്തരവാദിത്തം മുകളില്‍ നിന്ന് താഴേ തട്ട് വരെ ഒരു പോലെയാണ്. ചുമതലകളുള്ളവര്‍ അവരുടെ കടമകള്‍ നിറവേറ്റുന്നുണ്ടോയെന്ന് ആത്മ പരിശോധന നടത്തണം. ചുമതല നല്‍കിയ പ്രദേശങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പത്ത് ദിവസമെങ്കിലും നില്‍ക്കുന്നുണ്ടോയെന്ന് ഖര്‍ഗെ ചോദിച്ചു. 

സംഘടനക്ക് ശക്തിയുണ്ടെങ്കിലേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു തയ്യാറെടുപ്പും താഴേ തട്ടില്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് കൂടി ഖര്‍ഗെ പറഞ്ഞു വയ്ക്കുകയാണ്. പിസിസി, ഡിസിസി തലങ്ങളില്‍ പാര്‍ട്ടി ശക്തമാകണം. ഉത്തരവാദിത്തം നല്‍കിയവര്‍ അവരുടെ കടമ നിര്‍വഹിക്കുന്നില്ലെങ്കില്‍ പുതിയ ആളുകള്‍ കടന്ന് വരുമെന്ന് കൂടി ഖര്‍ഗെ മുന്നറിയിപ്പ് നല്‍കി.

സംഘടന ശാക്തീകരണത്തിന് എന്ത് നടപടി സ്വീകരിച്ചു, മുന്‍പിലുള്ള പദ്ധതികളെന്തെല്ലാം തുടങ്ങിയ വിവരങ്ങള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ അറിയിക്കണമെന്ന് പിസിസികള്‍ക്ക് ഖര്‍ഗെ നിര്‍ദ്ദേശം നല്‍കി. ഉദയ് പൂര്‍ ചിന്തന്‍ ശിബിരം നടന്നിട്ടും പാര്‍ട്ടിക്ക് ഉണര്‍വില്ല, പുതിയ അധ്യക്ഷന്‍ ചുമതലയേറ്റ ശേഷവും കാര്യങ്ങള്‍ പഴയപടി തന്നെ തുടങ്ങി വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴാണ് ഖര്‍ഗെ നിലപാട് കടുപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios