Asianet News MalayalamAsianet News Malayalam

കിയാൽ സര്‍ക്കാര്‍ കമ്പനി തന്നെയെന്ന് കേന്ദ്രം: സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന വാദം തള്ളി

സ്വകാര്യ കമ്പനിയാണെന്ന വാദമുയർത്തി സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കണ്ണൂർ വിമാനത്താവള കമ്പനിയേയും സർക്കാരിനെയും അറിയിച്ചു. സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

kial is government company says central government
Author
Trivandrum, First Published Nov 28, 2019, 1:06 PM IST

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സർക്കാർ വാദം തള്ളി കേന്ദ്ര സർക്കാർ.  സ്വകാര്യ കമ്പനിയാണെന്ന വാദമുയർത്തി വിമാനത്താവള കമ്പനിയിലെ സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.  കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇക്കാര്യം കണ്ണൂർ വിമാനത്താവള കമ്പനിയേയും സംസ്ഥാന സർക്കാരിനെയും അറിയിച്ചു. സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പുണ്ട്.

കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാൽ സിഎജി ഓഡിറ്റ് തടഞ്ഞുവെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കിയാൽ , കൊച്ചിവിമാനത്താവള കമ്പനിപോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നുമായിരുന്നു സർക്കാർ വാദം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം നിയമസഭയിലും വ്യക്തമാക്കിയിരുന്നു.

2016ൽ ഇടത് സർക്കാർ അധികാരത്തിലെത്തും വരെ സിഎജി യാണ് കണ്ണൂർ വിമാനനത്താവളത്തിന്‍റെ ഓഡിറ്റ് നടത്തിയിരുന്നത്. ഓഡിറ്റർമാരെ കിയാൽ അധികൃതർ തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എജി പല തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ദില്ലിയിൽ സിഎജി ഇക്കാര്യം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. കമ്പനി നിയമം ലംഘിച്ച് ഓഡിറ്റ് തുടർച്ചയായി തടസപ്പെടുത്തുന്നുവെന്ന് സിഎജി  അറിയിച്ചതോടെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിന് മുന്നറിയിപ്പു നൽകി. 

സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം  ഓഹരിയുള്ളതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും ഈ മാസം 25 ന് കിയാൽ എംഡിക്ക് അയച്ച കത്തിൽ കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി.സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയത് കമ്പനി നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്ന് കത്തിൽ പറയുന്നു.

കിയാലിനെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യും എന്നും മുന്നറിയിപ്പുണ്ട്. മുഖ്യമന്ത്രി ചെയർമാനായ കമ്പനിയുടെ ഡയറക്ടർ ബോർ‍ഡിൽ അഞ്ച് മന്ത്രിമാരും വൻ വ്യവസായികളും അംഗങ്ങളാണ്. പ്രോസിക്യൂഷൻ മുന്നറിയിപ്പ് ഇവർക്കെല്ലാം ബാധകവുമാണ്. ഇത് വരെയുണ്ടായ നിയമവിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുക്കാൻ കമ്പനികാര്യ ഡയറക്ടർ ജനറലിനും കമ്പനി രജിസ്ട്രാർക്കും കമ്പനികാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios