കൊച്ചി: കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിന് മൂന്നാം ക്ലാസ്സുകാരന്‍റെ കാലിൽ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ച് യുവാവ്. അങ്കമാലി സ്വദേശിയായ പ്രിൻസ് എന്നയാളെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മരട് പൊലീസ് പറയുന്നു. 

കുട്ടിയുടെ സഹോദരീഭർത്താവെന്ന് അവകാശപ്പെടുന്നയാളാണ് പ്രിൻസ്. എന്നാൽ എട്ട് വയസ്സുകാരന്‍റെ മൂത്ത സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിൽത്തന്നെ ഇതുവരെ വ്യക്തതയില്ല. അക്കാര്യത്തിൽ വ്യക്തത വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. 

ഒരു വർഷത്തോളമായി കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്നു എന്നാണ് കുട്ടി തന്നെ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടികളുടെ അച്ഛൻ കഴിഞ്ഞ ഒരു വർഷമായി തളർവാതം വന്ന് കിടപ്പിലാണ്. അതിന് ശേഷമാണ് ഇയാൾ ഈ വീട്ടിലെത്തി അധികാരം കൈയാളിയത്. അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിർക്കാൻ പേടിയായിരുന്നുവെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. ഒടുവിൽ മൂന്നാം ക്ലാസ്സുകാരന്‍റെ ദേഹത്ത് ആഴത്തിൽ മുറിവേൽപ്പിക്കുന്ന തരത്തിൽ ഉപദ്രവിച്ചപ്പോഴാണ് അവർ പൊലീസിൽ പരാതിയുമായി എത്തിയത്.