തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുനരാരംഭിക്കാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ശസ്ത്രക്രിയ വേണ്ടവരെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവെന്ന പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ് 9 മാസമായി നിര്‍ത്തി വച്ചുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടൽ. 

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും അടക്കമുള്ളവര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ പുനരാരംഭിക്കാൻ യൂറോളജി വിഭാഗം മേധാവി തയാറായിരുന്നില്ല. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളോട് സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ പോലും നിര്‍ദേശം നല്‍കി. മരണാനന്തര അവയവദാനം വഴി ആശുപത്രിക്ക് ലഭിച്ച വൃക്കകൾ പോലും വേണ്ടെന്ന് എഴുതിക്കൊടുത്ത യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ പോറ്റിക്കെതിരെ ആശുപത്രി അധികൃതര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ സര്‍ക്കാര്‍ ഇടപെടൽ. കൊവിസിന്‍റെ കൂടി സാഹചര്യത്തില്‍ നിര്‍ത്തിവച്ച ശസ്ത്രക്രിയകൾ ഉടൻ തുടങ്ങും. സ്വകാര്യ മേഖലയില്‍ ചികിൽസ തേടിയവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാനാകുമോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഫെബ്രുവരിയോടെ ശസ്ത്രക്രിയകള്‍ വീണ്ടും തുടങ്ങാനാണ് നീക്കമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.