പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കേസെടുക്കുന്നതിൽ തീരുമാനം. അതേസമയം, ഡോക്ടർമാർക്കെതിരായ നടപടിയിൽ കെ ജി എം സി ടി എ പ്രഖ്യാപിച്ച പ്രതിഷേധ യോഗവും ഇന്നാണ്
തിരുവനന്തപുരം: വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ചികിത്സാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച എന്നിവയിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രധാനമാണ്. അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുൺദേവ് ഉൾപ്പടെയുള്ളവരെ ഇന്ന് മെഡിക്കൽ കോളേജ് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കേസെടുക്കുന്നതിൽ തീരുമാനം. അതേസമയം, ഡോക്ടർമാർക്കെതിരായ നടപടിയിൽ കെ ജി എം സി ടി എ പ്രഖ്യാപിച്ച പ്രതിഷേധ യോഗവും ഇന്നാണ്. നടപടി പിൻവലിക്കണമെന്നാണ് കെ ജി എം സി ടി എ, ഐ എം എ ഉൾപ്പടെയുള്ള സംഘടനകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വൃക്ക ഉൾപ്പെട്ട പെട്ടി തട്ടിയെടുത്തു, ആശുപത്രിയിൽ അതിക്രമിച്ചു കയറി, അടഞ്ഞുകിടന്ന ഓപ്പറേഷൻ തിയറ്ററിന് മുന്നിൽ വെച്ച് വീഡിയോ ചിത്രീകരിച്ച് തെറ്റായ പ്രചാരണം നടത്തി എന്നിങ്ങനെയാണ് വൃക്കയുമായി ഓടിയ അരുൺദേവിനെതിരായ പരാതി. ഡോക്ടർമാർ വരും മുമ്പ് പെട്ടിയുമായി പോയെന്നാണ് പരാതി. അതേസമയം സർക്കാർ ഇന്നലെ രണ്ട് വകുപ്പ് മേധാവികൾകൾക്കെതിരെ നടപടി എടുത്തത് ഏകോപനത്തിലെ വീഴ്ച്ചകൾക്കാണെന്നത് ശ്രദ്ധേയം. അതായത് വൃക്കയെത്തുമ്പോൾ സ്വീകരിക്കുന്നതിനടക്കം ഡോക്ടർമാരെ ചുമതലപ്പെടുത്തിയില്ല എന്നതടക്കമുള്ളതാണ് വീഴ്ച. ഈ നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ടുമില്ല.
ചാടിക്കയറി നടപടിയെടുത്തതിൽ സർക്കാരിനെതിരെ ആരോഗ്യമേഖലയിൽ സമ്മർദം ശക്തമാവുകയാണ്. അഡിമിനിസ്ട്രേറ്റീവ് തലത്തിലെ ഏകോപനത്തിലെ വീഴ്ച്ചകളിലേക്ക് പരിശോധന നീളാതെ, രണ്ട് മുതിർന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടന പ്രക്ഷോഭത്തിലേക്കെന്ന് ആവർത്തിക്കുന്നു. ഡോക്ടർമാർ സ്ഥത്തുണ്ടായിരുന്നുവെന്നും, ഇല്ലെങ്കിൽ ക്രിമിനൽ കേസെടുക്കട്ടെയെന്നും വെല്ലുവിളി.
ഐഎംഎയും ഇന്നലെ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കണ്ണിൽ പൊടിയിടുന്ന അപഹാസ്യമായ സസ്പെൻഷൻ പരമ്പര നിർത്തണമെന്നാണ് ആവശ്യം. ചുരുക്കത്തിൽ സംവിധാനത്തിലുണ്ടായ വീഴ്ച്ചകൾ അവസാനം ക്രിമിനൽ കേസിലേക്കെത്തുമ്പോൾ വൃക്കയെത്തിക്കാൻ കൂടെനിന്ന സഹായികളിലേക്ക് ഒതുങ്ങുന്ന സ്ഥിതി.
