കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്ശ. സർക്കാരിന് വൻ ബാധ്യതയെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്ട്ടില് പറയുന്നത്. കടമെടുപ്പ് അവസാനിപ്പിക്കാനും തുടരുന്ന പദ്ധതികളിൽ സമഗ്ര പരിശോധനയ്ക്കും ശുപാർശ.
തിരുവനന്തപുരം: കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് നിർദേശിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്ശ. കിഫ്ബി സർക്കാരിന് വൻ ബാധ്യതയെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്ട്ടില് പറയുന്നത്. കിഫ്ബി ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുണ്ടെന്നും കണ്ണൂരിൽ ഭൂമി വിലയുടെ അഞ്ചിരട്ടി നൽകി 3829 ഏക്കർ 9572 കോടിക്ക് ഏറ്റെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ടില് ആവശ്യപ്പെട്ടു. കടമെടുപ്പ് അവസാനിപ്പിക്കാനും തുടരുന്ന പദ്ധതികളിൽ സമഗ്ര പരിശോധനയ്ക്കും റിപ്പോര്ട്ടില് ശുപാർശ നല്കി.
കിഫ്ബിയുടെ പരമാധികാരത്തിന് കടിഞ്ഞാൺ
കിഫ്ബിയുടെ പ്രവർത്തനത്തിൽ ഓഡിറ്റ് വേണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്ശ. പത്ത് വർഷത്തെ പ്രവർത്തനം സിഎജി ഓഡിറ്റ് ചെയ്യണമെന്നും വിപണിയിൽ നിന്ന് വായ്പയെടുക്കാൻ കിഫ്ബിയെ അനുവദിക്കരുതെന്നും വിദഗ്ധ സമിതി ശുപാര്ശ ചെയ്യുന്നു. വായ്പയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ കിഫ്ബി നിയമത്തിൽ നിന്ന് ഒഴിവാക്കണം. കിഫ്ബിയുടെ നിലവിലെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണം, തിരിച്ചടവിനായി വാർഷിക ബജറ്റിൽ മതിയായ തുക വകയിരുത്തണം, നിലവിൽ ആരംഭിച്ച അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കണം, ഇതിനായി 2026–27 മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് വാർഷിക ബജറ്റിൽ തുക വകയിരുത്തണം, കിഫ്ബിയുടെ ഉയർന്ന പലിശയുള്ള കടങ്ങൾ പുനഃക്രമീകരിക്കണം, കുറഞ്ഞ പലിശയുള്ള ബാധ്യതകളിലേക്ക് കടം മാറ്റി പലിശ ഭാരം കുറയ്ക്കണം, കിഫ്ബി പുനഃസംഘടിപ്പിക്കണം എന്നീ ശുപാര്ശകളാണ് വിദഗ്ധ സമിതി നല്കുന്നത്. ഫണ്ട് സമാഹരണം, പദ്ധതികൾക്ക് ധനസഹായം നൽകൽ എന്ന നിലയിൽ കിഫ്ബി തുടരേണ്ടതില്ലെന്നും വിദഗ്ധ സമിതി റിപ്പോർട്ടില് പറയുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കാതെ മൂലധനം സമാഹരിക്കുക എന്ന യഥാർത്ഥ ലക്ഷ്യം ഇല്ലാതായി എന്നും റിപ്പോര്ട്ടിലുണ്ട്.
കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിലും വൻ ക്രമക്കേടെന്ന് ആരോപണം
കണ്ണൂർ ജില്ലയിൽ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലില് വൻ ക്രമക്കേട് ഉണ്ടെന്നാണ് വിദഗ്ധ സമിതി റിപ്പോര്ട്ടില് പറയുന്നത്. കണ്ണൂര് ജില്ലയില് ഏറ്റെടുക്കല് ദുരൂഹമാണെന്നും വിദഗ്ധസമിതി നിരീക്ഷിക്കുന്നു. 3829 ഏക്കർ 9572 കോടിക്ക് കണ്ണൂരിൽ ഏറ്റെടുത്തു. ഭൂമി വിലയുടെ അഞ്ചിരട്ടി തുകയിലാണ് ഇത്. നടപടിയിൽ സമഗ്ര പരിശോധന വേണമെന്നും സമിതി ശുപാര്ശ ചെയ്യുന്നു.

