തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെക്കുറിച്ച് നുണ പറഞ്ഞ് സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് പറ‍ഞ്ഞാണ് ഐസക് മാധ്യമങ്ങളെ കണ്ടത്. സിഎജി വാർത്താക്കുറിപ്പിറക്കിയതോടെ ആ കള്ളം പൊളിഞ്ഞു. അപ്പോൾ വീണ്ടും നുണകളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്. തുടർച്ചയായി പച്ചക്കള്ളം പറയുന്ന മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ഭരണഘടനാതത്വങ്ങൾ ഗുരുതരമായ രീതിയിലാണ് ഐസക് ലംഘിച്ചിരിക്കുന്നത്. ഇതിൽ സ്പീക്കർ ഇടപെട്ടേ തീരൂ. സഭയെ അവഹേളിച്ച മന്ത്രിക്കെതിരെ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. 

''സിഎജിയുടെ കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് ആദ്യം പറഞ്ഞ ഐസക് എന്തുകൊണ്ടാണ് ആ വാദം ഇപ്പോൾ മാറ്റിപ്പറയുന്നത്? കരട് റിപ്പോർട്ടെന്ന് കരുതിയെന്നാണ് മന്ത്രി പറയുന്നത്. അന്തിമ റിപ്പോർട്ടാണോ, അതോ കരടാണോ എന്ന് പോലും കണ്ടാലറിയാത്തയാളാണോ കേരളത്തിന്‍റെ ധനമന്ത്രി? ധനമന്ത്രിക്കല്ല സിഎജിയുടെ റിപ്പോർട്ട് കിട്ടുന്നത്. അത് കിട്ടുക ധനസെക്രട്ടറിക്കാണ്. ധനസെക്രട്ടറി ഈ സിഎജി റിപ്പോർട്ട് സീൽ വച്ച കവറിൽ ഗവർണർക്ക് നൽകുകയാണ് വേണ്ടത്. അത്രയും രഹസ്യാത്മകത കാത്തുസൂക്ഷിച്ചാകണം ഈ റിപ്പോർട്ട് കൈമാറുന്നതും, കൈകാര്യം ചെയ്യുന്നതും. അതിന് പകരം ധനമന്ത്രി ധനസെക്രട്ടറിയുടെ പക്കൽ നിന്ന് റിപ്പോർട്ട് മോഷ്ടിച്ചോ?'', ചെന്നിത്തല ചോദിക്കുന്നു.

കരടാണോ അന്തിമറിപ്പോർട്ടാണോ എന്നതല്ല, സിഎജി റിപ്പോർട്ടിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചാണ് അറിയേണ്ടതെന്ന ധനമന്ത്രിയുടെ വാദവും പ്രതിപക്ഷനേതാവ് തള്ളുന്നു. നിലവിൽ ധനമന്ത്രി പുറത്തുവിട്ടത് കരട് റിപ്പോർട്ടാണോ അന്തിമറിപ്പോർട്ടാണോ എന്നത് തന്നെയാണ് ചർച്ച ചെയ്യേണ്ടതെന്നും, ഇതിലെ ചട്ടലംഘനം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണെന്നും ചെന്നിത്തല വ്യക്തമാക്കുന്നു.

രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ ഒരു മന്ത്രിയും ഇത്തരത്തിൽ സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിന് മുമ്പ് പുറത്തുവിട്ടിട്ടില്ല. ജനങ്ങളെയും സഭയെയും തെറ്റിദ്ധരിപ്പിക്കാനാണ് ഐസക് ഇതിനെല്ലാം മുമ്പ് നേരത്തേകൂട്ടി റിപ്പോർട്ട് പുറത്തുവിട്ടത്. എന്നിട്ട് തുടർച്ചയായി നുണ പറയുന്നു. സിഎജിയുടെ വാർത്താക്കുറിപ്പാണ് ധനമന്ത്രിയുടെ എല്ലാ കള്ളങ്ങളും പൊളിച്ചത്. 

കരടാണെന്ന കാര്യം പോലും പരിശോധിക്കാതെയാണ് ഇതിലെ ഉള്ളടക്കം ഐസക് പുറത്തുവിട്ടതെങ്കിൽ അത് ഗുരുതരമായ ഭരണഘടനാലംഘനമാണ്. അന്തിമറിപ്പോർട്ടാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞാലുണ്ടാവുന്ന പ്രശ്നങ്ങൾ അറിയാവുന്നതുകൊണ്ടാണ് കരട് റിപ്പോർട്ടെന്ന് നുണ പറഞ്ഞത്. 

പ്രതിപക്ഷത്തെ എന്തിനാണ് ധനമന്ത്രി വെല്ലുവിളിക്കുന്നതെന്ന് ചെന്നിത്തല ചോദിക്കുന്നു. കരടോ ഫൈനൽ റിപ്പോർട്ടോ പ്രതിപക്ഷം കണ്ടിട്ടില്ല. പ്രതിപക്ഷത്തോട് ഇതിൽ മറുപടി പറയാൻ പറഞ്ഞാൽ ഞങ്ങളെന്ത് പറയാനാണ്? പ്രതിപക്ഷത്തിരുന്നപ്പോൾ സിപിഎമ്മിന് പവിത്രമായ മാലാഖയായിരുന്നു സിഎജി. വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിലും പാമോലിൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടുമുള്ള റിപ്പോർട്ടുകൾ സിപിഎം ആഘോഷിച്ചതാണ്. ഇപ്പോൾ എങ്ങനെയാണ് സിഎജിയെ സർക്കാരിനെ തൊട്ടുകൂടാതായത്? നമ്മളെന്തും പറയും, നിങ്ങൾ മിണ്ടരുതെന്നാണ് ഐസക് പറയുന്നത്. ഇതെങ്ങനെ ശരിയാകും? സർക്കാരിന്‍റെ അഴിമതിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ഉടൻ ബിജെപി - കോൺഗ്രസ് ഗൂഢാലോചനയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാതെ, ഉള്ള ചോദ്യങ്ങൾക്ക് ഐസക് മറുപടി പറയണം - എന്ന് ചെന്നിത്തല. 

ഉയർന്ന പലിശയ്ക്ക് മസാല ബോണ്ട് വാങ്ങിയത് ലാവലിൻ കമ്പനിയെ സഹായിക്കാനാണെന്നും, അത് വഴി കമ്മീഷൻ തട്ടാനാണെന്നുമുള്ള ആരോപണം ചെന്നിത്തല ശക്തമായി വീണ്ടും ആവർത്തിക്കുന്നു. മസാല ബോണ്ടുകൾക്ക് സുതാര്യതയില്ല. കോടികളുടെ കണക്ക് പറയാൻ ഐസക് മിടുക്കനാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് നിരവധി സ്കൂളുകളും പാലങ്ങളുമൊക്കെ നിർമിച്ചിരുന്നു. കിഫ്ബിയില്ലാതെ വികസനം നടക്കില്ലെന്നാണ് ഐസക് പറയുന്നത്. അതെങ്ങനെ ശരിയാകും? ഇതിന് മുമ്പും കേരളത്തിൽ വികസനം നടന്നിട്ടുണ്ട്. 

9.37 ശതമാനം എന്ന ഉയർന്ന പലിശയ്ക്ക് എന്തിനാണ് മസാല ബോണ്ടിറക്കിയത്? ലാവലിൻ കമ്പനിയുമായി എന്താണ് മസാല ബോണ്ടിന് ബന്ധം? മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ വിൽപ്പന നടന്നിട്ടുണ്ട്. കാനഡയിലെ ക്യുബിക് പ്രവിശ്യയിൽ വച്ച് രഹസ്യ കച്ചവടം നടന്നു. മുഖ്യമന്ത്രിക്ക് ബന്ധമുള്ള ലാവലിനെ സഹായിക്കാനാണ് മസാല ബോണ്ടിറക്കിയത് - എന്ന് ചെന്നിത്തല ആവർത്തിക്കുന്നു. 

മസാല ബോണ്ടിൽ കച്ചവടം വ്യക്തമാണ്. അതിനാണ് ഉയർന്ന പലിശ ഏർപ്പെടുത്തിയത്. ഇതിലും ചെറിയ പലിശയ്ക്ക് മസാല ബോണ്ടിറക്കിയവരുണ്ട്. വാചകമടി മാത്രമാണ് നടക്കുന്നത്. കിഫ്ബി ഇല്ലാതെയാണ് കേരളത്തിൽ കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും വന്നത്. വികസനമെന്ന മറ തീർത്ത് വൻ അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. ഇതിനെ ചോദ്യം ചെയ്യാൻ പാടില്ല. ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ സമനില തെറ്റും. തന്നിലേക്ക് അന്വേഷണം വരുമെന്ന ഭീതിയിലാണ് ഇപ്പോൾ മുഖ്യമന്ത്രി - എന്ന് ചെന്നിത്തല. 

എന്തിനാണ് ഓഡിറ്റിനെ കിഫ്ബി പേടിക്കുന്നതെന്ന് ചെന്നിത്തല ചോദിക്കുന്നു. മസാല ബോണ്ടിന്‍റെ അഴിമതി പുറത്തു വരാതിരിക്കാനാണ് ഇപ്പോൾ ഐസക് ശ്രമിക്കുന്നത് - എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.