Asianet News MalayalamAsianet News Malayalam

'തൊഴിൽ വകുപ്പിന്റെ നോട്ടീസ് കോടതിയലക്ഷ്യം'; പിൻവലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് കിറ്റെക്സ്

തൊഴിൽ വകുപ്പിന്റെ നോട്ടീസ് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണ്. നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.

Kitex to approach High Court against legal notice
Author
Kochi, First Published Jul 1, 2021, 5:37 PM IST

കൊച്ചി: കമ്പനിയിൽ തൊഴിൽ വകുപ്പ് നടത്തിയ പരിശോധന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കിറ്റെക്സ് കമ്പനി. ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയതെന്നും കിറ്റെക്സ് ഗ്രൂപ്പ് ആരോപിച്ചു.നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തൊഴിൽ വകുപ്പിന് കമ്പനി മറുപടി നൽകി.എന്നാൽ നോട്ടീസ് നൽകിയതിൽ ഉദ്യോഗസ്ഥർക്ക് സാങ്കേതിക പിഴവ് സംഭവിച്ചെന്നും ഇത് പരിശോധിക്കുമെന്നും എറണാകുളം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

കിറ്റെക്സ് ഗ്രൂപ്പ് പരാതിയുമായി സർക്കാരിനെയാണ് സമീപിക്കേണ്ടിയിരുന്നതെന്ന വ്യവസായ മന്ത്രി പി രാജീവിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് ആരോപണങ്ങൾ കടുപ്പിച്ചത് കമ്പനി വീണ്ടും രംഗത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് 2019ലെ പുതുക്കിയ മിനിമം വേതന നിയമം കമ്പനി നടപ്പാക്കുന്നില്ലെന്ന കാരണം കാണിച്ച് തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയത്.എന്നാൽ ഇതിനെതിരെ നിരവധി സ്ഥാപനങ്ങൾ ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയും ഇക്കഴിഞ്ഞ മാർച്ചിൽ അനുകൂലമായി ഇടക്കാല ഉത്തരവ് നേടിയിരുന്നെന്നും കിറ്റെക്സ് കമ്പനി പറയുന്നു. ഈ സാഹചര്യത്തിൽ കമ്പനിയെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് നോട്ടീസ് എന്നും സാബു എം ജേക്കബ് ആരോപിക്കുന്നു. 

മാത്രമല്ല ദിവസങ്ങൾക്ക് മുൻപെ പരിശോധനകൾ പൂർത്തിയായെങ്കിലും നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറുന്നുവെന്ന് കിറ്റെക്സ് അറിയിച്ചതിന് ശേഷമാണ് നോട്ടീസ് കിട്ടിയത്. തൊഴിൽ വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കിറ്റെക്സ് ഗ്രൂപ്പിന്‍റെ തീരുമാനം. എന്നാൽ നോട്ടീസ് നേരത്തെ തപാൽ വഴി അയച്ചിരുന്നെന്നും അത് ലഭിക്കാത്തതിനാലാണ് നേരിട്ട് കൈമാറിയതെന്നും എറണാകുളം ജില്ല ലേബർ ഓഫീസ് അറിയിച്ചു.ഹൈക്കോടതി ഉത്തരവ് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും ജില്ല ലേബർ ഓഫീസർ അറിയിച്ചു. അതേസമയം കിറ്റെക്സ് കമ്പനിയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യവസായ മന്ത്രി പി രാജീവ് ആവർത്തിച്ചു.

അതേസമയം കിറ്റെക്സിനെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് കൊണ്ട് തമിഴ്നാട് വ്യവസായ വകുപ്പ് സെക്രട്ടറി കത്തയച്ചു. സൗജന്യ ഭൂമിയും മറ്റ് ആനുകൂല്യങ്ങളും നൽകാമെന്നാണ് വാഗ്ദാനം. ഒറീസ, ഗുജറാത്ത് സർക്കാരുകളും കഴിഞ്ഞ ദിവസങ്ങളിൽ സന്നദ്ധത അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios