കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കമ്പലം കുമ്മനോട്  വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തിൽ അബ്ദുൾ അസീസ് (40), വെള്ളാരം കുടി രഞ്ജിത്ത് (29), നെടുങ്ങോട്ട് പുത്തൻ പുരയിൽ ഫൈസൽ (39), കുഞ്ഞിത്തി വീട്ടിൽ ജാഫർ (40), കോട്ടാലിക്കുടി മുഹമ്മദാലി(42), കുത്തിത്തി ഷിഹാബ്(43), തൈലാൻ വീട്ടിൽ സിൻഷാദ് (34), തെക്കേവീട്ടിൽ സുൽഫി (34), കീലേടത്ത് അൻസാരി (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കിഴക്കമ്പലം  ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ബൂത്തിലായിരുന്നു സംഭവം. പഞ്ചായത്ത് സെക്രട്ടറി നൽകിയ തെരഞ്ഞെടുപ്പ് ഐഡി കാർഡുമായി വോട്ട് ചെയ്യനെത്തിയവരെ ഒരു വിഭാഗം എതിർത്തതോടെയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. ആക്രമണത്തിനിരയായ പ്രിൻ്റു മാനന്തവാടി സ്വദേശിയും ഇവിടെ വാടകയ്ക്ക് താമസിക്കുന്നയാളുമാണ്. ഇവിടത്തെ വോട്ടേഴ്സ് ലിസ്റ്റിൽ പ്രിൻ്റുവിൻ്റെ പേര് ഉള്ളതാണ്. ആദ്യം വോട്ട് ചെയ്യാൻ കഴിയാതെ പോയ പ്രിൻറു പിന്നിട് പൊലീസിൻ്റെ സംരക്ഷണത്തിൽ വന്ന് വോട്ട് ചെയ്യുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്  പോളിംഗ് സ്റ്റേഷൻ്റെ പരിസരത്ത് തടിച്ചുകൂടിയ 50 പേർക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും  കേസെടുത്തിട്ടുണ്ട്.