ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന് നേരെ കുരുക്ക് മുറുകുന്നു. പൊലീസ്, വെള്ളാപ്പള്ളിയുടെ സഹായിയും ആരോപണവിധേയനുമായ കെഎൽ അശോകന്‍റെ മൊഴിയെടുക്കുകയാണ്. മഹേശന്‍റെ ആത്മഹത്യാക്കുറിപ്പിലും നേരത്തെ പുറത്തുവന്ന കത്തുകളിലും വെള്ളാപ്പള്ളിക്കൊപ്പം അശോകന്‍റെയും പേരുകള്‍ സൂചിപ്പിച്ചിരുന്നു. ഇരുവ‍ര്‍ക്കുമെതിരെയുള്ള മഹേശന്‍റെ കുടുംബത്തിൻറെ ആരോപണങ്ങള്‍ സംബന്ധിച്ച് അശോകനിൽ നിന്നും പൊലീസ് വ്യക്തത തേടും. മാരാരിക്കുളം പൊലീസാണ് അശോകന്‍റെ വീട്ടിലെത്തി മൊഴി എടുക്കുന്നത്. 

കെകെ മഹേശന്‍റെ മരണം: 'ടോമിൻ ജെ തച്ചങ്കരിക്കും ഗൂഢാലോചനയിൽ പങ്ക്', അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

അതേസമയം കെകെ മഹേശനെതിരായ തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണങ്ങളെ കുടുംബം തള്ളി. നിലനിൽപ്പിന്റെ ഭാഗമായാണ് തുഷാര്‍ ഇപ്പോൾ അഴിമതി ആരോപണങ്ങളുന്നയിക്കുന്നതെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഹേശനും തുഷാറും ഒന്നിച്ചാണ് ചേർത്തല യൂണിയൻ ഭരിച്ചത്. രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്. മഹേശന്‍ ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം. പ്രത്യേക അന്വേഷണസംഘം എല്ലാം പരിശോധിക്കട്ടെയെന്നും കുടുംബം പ്രതികരിച്ചു. ശ്രീനാരായണ ധർമ്മസംഘം എന്ന സംഘടനയുടെ ഭാഗമായി പ്രൊഫ. എം കെ സാനു മഹേശന്‍റെ വീട് സന്ദര്‍ശിച്ചു. 

കെകെ മഹേശന്‍റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം.
ക്രമക്കേട് നടത്തിയ കാര്യം മഹേശൻ തന്നോട് തുറന്നു സമ്മതിച്ചിരുന്നതായും തുഷാർ പറയുന്നു.

മഹേശൻ 15 കോടിയുടെ അഴിമതി നടത്തിയെന്ന് തുഷാർ: മരണക്കുറിപ്പിലൂടെ വെള്ളാപ്പള്ളിയെ കുടുക്കാൻ ശ്രമിച്ചു