ആലപ്പുഴ: എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് വെള്ളാപ്പള്ളി അന്വേഷണ സംഘത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് നാളത്തെ ചോദ്യം ചെയ്യല്‍ മാറ്റിവെച്ചത്. എന്നാല്‍, വെള്ളാപ്പള്ളിയെ മറ്റന്നാൾ ചോദ്യം ചെയ്യുമെന്ന് മാരാരിക്കുളം പൊലീസ് അറിയിച്ചു. സഹായി കെ എല്‍ അശോകനെ ചോദ്യം ചെയ്തതിനെ പിന്നാലെയാണ് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.

കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് കെ എൽ അശോകനെ മാരാരിക്കുളം പൊലീസ് മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തത്. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. അതേസമയം, മഹേശന്റെ കത്തുകളിലെ ആരോപണങ്ങൾക്കെതിരെ തുഷാർ വെള്ളാപ്പള്ളി വീണ്ടും രംഗത്തെത്തി.

Also Read: മഹേശൻ അവസാനം എഴുതിയ ആത്മഹത്യാകുറിപ്പ് പുറത്ത്; വെള്ളാപ്പള്ളിക്കെതിരെ പരാമർശം

വെള്ളാപ്പള്ളി നടേശൻ നിരപരാധി എന്ന് പറഞ്ഞ മഹേശനെ തുഷാർ അഴിമതിക്കാരന്‍ അന്വേഷണം ആക്കുന്നത് വിചിത്രം ആണെന്ന് കുടുംബം ആരോപിച്ചു. നിലനിൽപ്പിന്റെ ഭാഗമായാണ് തുഷാര്‍ ഇപ്പോൾ അഴിമതി ആരോപണങ്ങളുന്നയിക്കുന്നതെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഹേശനും തുഷാറും ഒന്നിച്ചാണ് ചേർത്തല യൂണിയൻ ഭരിച്ചത്. രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്. മഹേശന്‍ ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം. പ്രത്യേക അന്വേഷണസംഘം എല്ലാം പരിശോധിക്കട്ടെയെന്നും കുടുംബം പ്രതികരിച്ചു. 

Also Read: മഹേശൻ 15 കോടിയുടെ അഴിമതി നടത്തിയെന്ന് തുഷാർ: മരണക്കുറിപ്പിലൂടെ വെള്ളാപ്പള്ളിയെ കുടുക്കാൻ ശ്രമിച്ചു

മഹേശന്‍റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം. അതേസമയം, വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹോദര ധർമ്മവേദി അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Also Read: 'യൂണിയൻ ഭരിച്ചത് മഹേശനും തുഷാറും', 15 കോടിയിൽ അന്വേഷണം തേടി മഹേശന്‍റെ കുടുംബം