ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുകയാണെന്നും ടിപിയുടെ ഭാര്യ ഫേസ്ബുക്കില്‍ കുറിച്ചു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും നയിക്കുന്ന ദയനീയ കാഴ്ച കേരളം കാണുകയാണെന്ന് കെ കെ രമ. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുകയാണെന്നും ടിപിയുടെ ഭാര്യ ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്‍റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്‍റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം.

വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഫോണ്‍വിളിപട്ടികയൊന്ന് കാണാമെന്നും കുറിച്ച കെ കെ രമ ആ ഭാഗവും പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കുഞ്ഞനന്തനെന്ന 'മനുഷ്യസ്നേഹി' ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ്‌ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്. കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസിലായല്ലോ എന്ന് എഴുതിയാണ് രമയുടെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

'സമൂഹത്തോട് കരുതല്‍ കാണിച്ച സഖാവ്'; കുഞ്ഞനന്തന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

'യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷി'; കുഞ്ഞനന്തനെ അനുസ്മരിച്ച് കോടിയേരി