തിരുവനന്തപുരം: പ്രശസ്ത മാഗസിനായ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ ഇടം പിടിച്ച് കേരള ആരോഗ്യ മന്ത്രി കെകെ ശൈലജ. ഈ മാസം അവസാനം വിജയിയെ പ്രഖ്യാപിക്കും. നിപ്പ, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ നേതൃപാടവം, ആരോഗ്യ സംവിധാനങ്ങളെ വിദഗ്ധമായി നയിച്ച പെണ്‍കരുത്ത് ഈ നിലയ്ക്കാണ് ആരോഗ്യ മന്ത്രി വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയിലിടം പിടിച്ചത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന തലക്കെട്ടോടെ മന്ത്രിയുടെ ചിത്രം മാഗസിന്റെ കവര്‍ ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്. കെ കെ ശൈലജയുടെ പ്രത്യേക അഭിമുഖവും മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭയമായിരുന്നില്ല മറിച്ച് പ്രതിസന്ധിയില്‍ ഇടപെടുന്നത് ആവേശകരമായിരുന്നുവെന്നാണ് മഹാമാരികളെ അതിജീവിച്ചതിനെക്കുറിച്ച് മന്ത്രി പറഞ്ഞത്.  വോഗിന്റെ വോഗ് വാരിയേഴ്‌സ് പട്ടികയിലും കെ കെ ശൈലജ നേരത്തെ ഉള്‍പ്പെട്ടിരുന്നു. സാമ്പത്തിക വിദഗ്ദ ഗീതാ ഗോപിനാഥ്, ഇന്ത്യന്‍ വനിത ഹോക്കി ടീം എന്നിവരും പട്ടികയിലിടം നേടിയിട്ടുണ്ട്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ദേശീയ അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ നേരത്തേയും മന്ത്രിയെ തേടിയെത്തിയിട്ടുണ്ട്.