തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃമാറ്റം സിപിഎമ്മിന്റെ രീതിയല്ലെന്നും എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും കെകെ ശൈലജ. പകർച്ചവ്യാധി മരണങ്ങൾ കുറയ്ക്കാനും സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു

ദില്ലി: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം വരുത്തുന്ന രീതി സി പി എമ്മിൽ ഇല്ലെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും വ്യക്തിപരമായ ഒന്നല്ലെന്നും അവർ പറഞ്ഞു. തെറ്റ് തിരുത്തി വരുന്നവർ പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നതിൽ കുഴപ്പമില്ലെന്ന എം വി ജയരാജന്റെ പ്രസ്താവനയിൽ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയതിനാൽ താൻ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതില്ലെന്ന് അവർ വ്യക്തമാക്കി. ഇടതുപക്ഷം ക്ഷീണിക്കരുത് എന്നാണ് എല്ലാവരും പറയുന്നത്, അതിനുള്ള നടപടികൾ പാർട്ടി നേതൃത്വം കൈക്കൊള്ളുമെന്നും ശൈലജ വിവരിച്ചു. തിരുത്തൽ നടപടികൾ പാർട്ടി കൈക്കൊള്ളുമെന്നും അവർ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എവിടെയായാലും എയിംസ് വന്നാൽ മതി

കേരളത്തിൽ എവിടെയെങ്കിലും ഒന്ന് എയിംസ് വന്നാൽ മതിയെന്നാണ് ആഗ്രഹമെന്നും കെ കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ കടുത്ത ജാഗ്രത വേണമെന്ന് കെ കെ ശൈലജ ഓർമ്മിപ്പിച്ചു. ആര് വകുപ്പ് കൈകാര്യം ചെയ്താലും ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായും വൃത്തിയായും നിർവ്വഹിക്കണം. പകർച്ചവ്യാധി മരണങ്ങൾ കുറയ്ക്കാനും സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സർക്കാരും വകുപ്പും പ്രത്യേക ശ്രദ്ധ നൽകേണ്ട സമയമാണിത്. ഇതിനൊക്കെ തടസ്സം നേരിട്ടാൽ ജനങ്ങൾ പ്രതികരിക്കുമെന്നും ഏത് പാർട്ടി ഭരിച്ചാലും ആരോഗ്യരംഗത്തെ വീഴ്ചകൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.