തിരുവനന്തപുരം: കൊച്ചിയിലെ അ​ഗതിമന്ദിരത്തിൽ അമ്മയെയും മകളെയും സൂപ്രണ്ട് മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആ​രോ​ഗ്യമന്ത്രി കെ കെ ശൈലജ. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കെ കെ ശൈലജ നിർദ്ദേശിച്ചു.

കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിലാണ് അന്തേവാസിയായ യുവതിക്കും അമ്മയ്ക്കും നേരെ ആക്രമണം നടന്നത്. അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് അൻവർ ഹുസൈൻ മർദ്ദിച്ചതെന്നായിരുന്നു പരാതി. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി  സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്.

ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും അൻവർ മുറിയ്ക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടർ എസ് സുഹാസ് ആവശ്യപ്പെട്ടിട്ടുണ്ട്. അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More: കൊച്ചിയിലെ അ​ഗതിമന്ദിരത്തിൽ അമ്മയ്ക്കും മകൾക്കും ക്രൂരമർദ്ദനം; വിശദീകരണം തേടി കളക്ടർ

"