തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ആരോഗ്യപ്രവർത്തകരെ ജോലിസ്ഥലത്ത് എത്തിക്കുന്നത് നിർത്തിയതോടെ ആശുപത്രി ജീവനക്കാർ പ്രതിസന്ധിയിൽ.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഏർപ്പെടുത്തിയ ബസിന് അമിതഫീസ് ഈടാക്കുന്നുവെന്ന് ജീവനക്കാർ പരാതിപ്പെട്ടു. അതേസമയം ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം നൽകിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിയതോടെ പലർക്കും ജോലിക്കായി ആശുപത്രികളിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ജീവനക്കാരുടെ പരാതി ശ്രദ്ധയിൽ പെട്ടെന്നും അമിത ഫീസ് ഈടാക്കരുതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.  തുക ആശുപത്രി വികസന ഫണ്ടില്‍ നിന്നും എടുക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോക്ഡൗൺ തുടങ്ങിയതോടെ കെഎസ്ആർടിസി ബസുകളിലായിരുന്നു ആരോഗ്യപ്രവർത്തകരെ ജോലിക്കെത്തിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസമായി കെഎസ്ആർടിസി ബസുകൾക്ക് പകരം സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ബസുകൾ വേണ്ടെന്ന്  ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചതോടെയാണ് കെഎസ്ആർടിസി സർവീസ് നിർത്തിയത്. സ്വകാര്യ വാഹനങ്ങളിൽ എത്തിക്കുന്നതിന് ജീവനക്കാരിൽ നിന്നുമാണ് തുക ഈടാക്കിയത്. അഞ്ച് ദിവസത്തേക്ക് 750 രൂപയാണ് നിശ്ചയിച്ച ഫീസ്. അതും മുൻകൂറായി നൽകണമെന്നായിരുന്നു നിബന്ധന.