Asianet News MalayalamAsianet News Malayalam

കാ‍ർട്ടൂൺ വിവാദം: വിഷയമല്ല, അവതരണം മത ചിഹ്നങ്ങളെ അവഹേളിക്കുന്നത് തന്നെയെന്ന് എ കെ ബാലൻ

കാർട്ടൂൺ ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിയ്ക്കുന്നതാണ്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി

kk subhash's cartoon which awarded by lalitha kala academy insulting religious symbols, ak balan
Author
Delhi, First Published Jun 12, 2019, 11:42 AM IST

ദില്ലി: ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിന്‍റെ മേലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. അവാർഡ് നിശ്ചയിച്ച കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സർക്കാർ ഈ തീരുമാനത്തിൽ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി പറ‌ഞ്ഞു. സുഭാഷ് കെ കെ വരച്ച കാർട്ടൂണാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്. 

സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ല. അവാർഡ് നിർണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. 

മുഖ്യമന്ത്രിയെ അവഹേളിച്ച കാർട്ടൂണിന് 2018ൽ മുഖ്യമന്ത്രി തന്നെ അവാർഡ് കൊടുത്തിരുന്നു. ആ സഹിഷ്ണുത സർക്കാരിനുണ്ട്. ജൂറിമാർക്ക് വീഴ്ച്ച പറ്റിയോ എന്ന് ലളിതകല അക്കാദമി പരിശോധിക്കണം. കെസിബിസിയുടെ വികാരം ശരിയാണ്. എന്നാൽ, തെരെഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കി മത ന്യൂനപക്ഷത്തോടുള്ള വിദ്വേഷമാണെന്ന ആരോപണം തെറ്റെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒപ്പം നിൽക്കാത്തതിനുള്ള പ്രതികാരം എന്ന് ആരോപിച്ച് കത്തോലിക്കാ സഭയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. 

പൂവൻ കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നിൽപ്പ് പൊലീസിന്‍റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോർജ്ജും ഷൊർണ്ണൂർ എംഎൽഎ പികെ ശശിയും എന്നതായിരുന്നു കാർട്ടൂൺ. പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്‍റെ ചിത്രം ചേർത്ത ഈ കാർട്ടൂണിനായിരുന്നു കേരള ലളിത കലാ അക്കാഡമി മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം നൽകിയത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. 
 

Follow Us:
Download App:
  • android
  • ios