കെ എൽ 60 എ 9338 എന്ന ഈ വാഹനത്തിലാണ് 2017 ഫെബ്രുവരി 17 -ാം തിയതി പൾസർ സുനിയും സംഘവും അഡ്‍ലക്സ് കൺവെൻഷൻ സെന്‍ററിന് മുന്നിൽ നിന്ന് നടിയുടെ വാഹനത്തെ പിൻതുടർന്നതും ആക്രമിച്ചതും ബലമായി തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനം നടത്തിയതും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി വരാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ കേസിലെ സുപ്രധാനമായ ഒരു തെളിവ് കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത് കിടപ്പുണ്ട്. നടിയെ ബലാത്സംഗം ചെയ്യാൻ പൾസർ സുനിയും സംഘവും എത്ര വലിയ ആസൂത്രണമാണ് നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവാണ് ആ വാഹനം. കെ എൽ 60 എ 9338 എന്ന ഈ വാഹനത്തിലാണ് 2017 ഫെബ്രുവരി 17 -ാം തിയതി പൾസർ സുനിയും സംഘവും അഡ്‍ലക്സ് കൺവെൻഷൻ സെന്‍ററിന് മുന്നിൽ നിന്ന് നടിയുടെ വാഹനത്തെ പിൻതുടർന്നതും ആക്രമിച്ചതും ബലമായി തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനം നടത്തിയതും. ഈ വാഹനം ഇപ്പോൾ കിടക്കുന്നത് സി ബി ഐ കോടതിക്ക് മുന്നിലാണ്. നേരത്തെ ആദ്യഘട്ട വിചാരണ നടന്നത് ഇവിടെയായിരുന്നു. ഇവിടെവച്ചാണ് ഈ വാഹനത്തിന്‍റെയടക്കം തെളിവെടുപ്പ് കോടതി പൂർത്തിയാക്കിയത്. അതിനാലാണ് സുപ്രധാന തെളിവായ ഈ വാഹനം കൊച്ചിയിലെ കോടതി മുറ്റത്ത് കിടക്കുന്നത്.

ആ രാത്രി സംഭവിച്ചത്

അന്ന് രാത്രി ഈ വാഹനത്തിലാണ് പൾസർ സുനിയും സംഘവും നടിയുടെ വാഹനത്തെ പിന്തുടർന്നതും നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള അത്താണി ജംഗ്ഷനിൽ വച്ച് ഈ വാഹനം കൊണ്ടുപോയി നടി സഞ്ചരിച്ചിരുന്ന കാറിന്‍റെ പിൻഭാഗത്ത് ഇടിച്ചത്. അത് മനഃപൂർവ്വമായും കൃത്രിമമായും ഉണ്ടാക്കിയ അപകടമായിരുന്നു എന്നത് കേസിനെ സംബന്ധിച്ചടുത്തോളം നിർണായക തെളിവാണ്. ഇതിന് ശേഷമാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ വാഹനം ഒരു കാറ്ററിംഗ് വാഹനമാണെന്നതാണ് മറ്റൊരു കാര്യം. നടിയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി, കടുത്തുരുത്തി സ്വദേശിയിൽ നിന്ന് വാടകക്കെടുത്തതായിരുന്നു ഈ വാഹനം. പൾസർ സുനി വാടകക്കെടുത്ത ശേഷം ഈ വാഹനത്തിനകത്ത് അത്യാവശ്യം വേണ്ട മാറ്റങ്ങൾ വരുത്തിയത് നടിയുടെ വാഹനം ആക്രമിച്ച ശേഷം നടിയെ ബലമായി തട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താനായിരുന്നു എന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാഹനം കേസിലെ നിർണായക തെളിവായി അവശേഷിക്കുകയാണ്.

നിർണായക വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ രാജ്യം ഉറ്റുനോക്കുന്ന നി‍ർണായക വിധി ഇന്നുണ്ടാകും. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികൾ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള കുറ്റങ്ങൾ പ്രോസിക്യൂഷൻ ആരോപിക്കുന്ന നടൻ ദിലീപിന്‍റെ കാര്യത്തിലടക്കം കോടതി എന്ത് നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്.