തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ. എം. ബഷീർ വാട്ട്സ്ആപ്പിനായി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഇദ്ദേഹം അംഗമായ  മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നും കുടുംബ ഗ്രൂപ്പിൽനിന്നും ഇന്നലെ രാത്രിയോടെ ലെഫ്റ്റായി. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മൊബൈല്‍ മറ്റാരോ ഉപയോഗിക്കുന്നുണ്ടോയെന്നടക്കമുള്ള സാധ്യതകളെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നത്.

എന്നാല്‍ ഇത് വാട്ട്സ്ആപ്പ് പോളിസി അനുസരിച്ചാണെന്നാണ് സൂചന. ഫോണ്‍ നമ്പര്‍ അത് അംഗമായിരിക്കുന്ന ഗ്രൂപ്പുകളില്‍ നാലുമാസം തുടര്‍ച്ചയായി ആക്ടീവ് ആകാതിരുന്നാല്‍ വാട്ട്സ്ആപ്പ് പോളിസി അനുസരിച്ച് ലെഫ്റ്റ് ആകുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സമാനമായ രീതിയില്‍ കശ്മീരില്‍ നിന്നുള്ളവര്‍ ഭാഗമായ ഗ്രൂപ്പുകളില്‍ നിന്ന് കൂട്ടമായി കൊഴിഞ്ഞ് പോക്ക് ഉണ്ടായത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നിൽവച്ച് കെ. എം. ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്.

അതിന് ശേഷം മൊബൈല്‍ ഇതുവരെ കണ്ടെത്തിയിരുന്നില്ല. ഈ നമ്പര്‍ പെട്ടന്ന് ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റ് ആയി കണ്ടത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സംശയം ജനിപ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് സൈബര്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്ക് ബഷീറിന്‍റെ സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബഷീര്‍ ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റ് ആയി എന്ന് കാണിക്കുന്നത് വാട്ട്സ്ആപ്പ് പോളിസി അനുസരിച്ചാവാമെന്നും സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നുമാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. നേരത്തെ കശ്മീരി സുഹൃത്തുക്കളും ബന്ധുക്കളും ഗ്രൂപ്പുകളില്‍ നിന്ന് കൂട്ടമായി ലെഫ്റ്റ് ആകുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് സമാനമാവും ബഷീറിന്‍റെ നമ്പറിന് സംഭവിച്ചതുമെന്നുമാണ് വിശദീകരണം.