കോട്ടയം: കെ.എം മാണി സ്മാരകത്തിന് ബജറ്റില്‍ പണം അനുവദിച്ചതിനെ കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകളുടെ പിന്നില്‍ ദുഷ്ടലാക്കെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. എല്‍.ഡി.എഫ് പ്രവേശനത്തിന് വഴിതുറക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനം എന്ന മട്ടില്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിവിട്ട ചര്‍ച്ചകളെ കേരളാ കോണ്‍ഗ്രസ്സ് (എം) പൂര്‍ണ്ണമായി തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ രാഷ്ട്രീയ നിലപാടിന്റെയും നയസമീപനങ്ങളുടേയും അടിസ്ഥാനത്തില്‍, യു.ഡി.എഫിന്റെ അവിഭാജ്യഘടകമായ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന് അദ്ദേഹം പറഞ്ഞു. "ആ ഉറച്ച രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവും കേരളാ കോണ്‍ഗ്രസ്സിന്റെ ആലോചനയില്‍പ്പോലുമില്ല. കേരള രാഷ്ട്രീയത്തിലെ സമാദരണീയ വ്യക്തിത്വമായ കെ.എം മാണിസാറിന്റെ സ്മാരക നിര്‍മ്മാണത്തിന് പണം അനുവദിക്കണം എന്ന ആവശ്യം ജോസ് കെ.മാണി ചെയര്‍മാനായ കെ.എം മാണി ഫൗണ്ടേഷനാണ് സംസ്ഥാന സര്‍ക്കാരിന്റെ മുമ്പില്‍ സമര്‍പ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മാണിസാറിനെപ്പോലെയുള്ള മഹാനായ ഒരു നേതാവിന്റെ സ്മാരകത്തിന് പണം അനുവദിക്കുക എന്നത് ഏതൊരു ജനാധിപത്യസര്‍ക്കാരിന്റെയും ചുമതലയാണ്. ആ ചുമതല എല്‍.ഡി.എഫ് സര്‍ക്കാര്‍ നിറവേറ്റിയതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു," എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബഡ്ജറ്റില്‍ പണം അനുവദിച്ചാല്‍ ഉടന്‍ കേരളാ കോണ്‍ഗ്രസ്സ് (എം) രാഷ്ട്രീയ നിലപാട് മാറ്റാന്‍ പോകുന്നു എന്ന മട്ടില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന കുപ്രചരണങ്ങളെ ഞങ്ങള്‍ പുച്ഛിച്ചുതള്ളുന്നുവെന്നാണ് അദ്ദേഹം വിമർശിച്ചത്. സി.പി.എം ന്റെ ആസ്ഥാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്ററിന്റെ നിര്‍മ്മാണത്തിന് പണം അനുവദിച്ചത് അന്ന് മുഖ്യമന്ത്രിയായിരുന്ന ബഹുമാന്യനായ ശ്രീ. എ.കെ ആന്റണി ആയിരുന്നു. അതിന്റെ പേരില്‍ എ.കെ ആന്റണി സി.പി.എം ആയി എന്ന് ആരും പറഞ്ഞിട്ടില്ല. നുണപ്രചരണങ്ങള്‍ നടത്തുന്നവരുടെ ചൂണ്ടയില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) കുരുങ്ങുമെന്ന് ആരും കരുതേണ്ടതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.