അവസാനനിമിഷങ്ങളിലും മാണി ബോധവാനായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. ബന്ധുക്കള്‍ വിളിക്കുമ്പോള്‍ അദ്ദേഹം പ്രതികരിച്ചിരുന്നു. അന്ത്യനിമിഷങ്ങളില്‍ ഭാര്യ കുട്ടിയമ്മയുടെ കൈ പിടിച്ചിരിക്കുകയായിരുന്നു അദ്ദേഹം. മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ കുടുംബകാരണവരുടെ അന്ത്യനിമിഷങ്ങളില്‍ ചുറ്റുമുണ്ടായിരുന്നു.
കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി (86) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണസമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണി അടക്കമുള്ള മക്കളും മരുമക്കളും പേരക്കുട്ടികളും മാണിക്കൊപ്പമുണ്ടായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്നലെ മോശമായ മാണിയുടെ ആരോഗ്യനില ഇന്ന് രാവിലെ അല്‍പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ പതിനൊന്ന് മാണിയോടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞു തുടങ്ങി. ഉച്ചയോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ കോട്ടയത്തുള്ള ജോസ് കെ മാണിയെ അടിയന്തരമായി ആശുപത്രിയിലേക്ക് വിളിപ്പിച്ചു.
മാണി ചികിത്സയില്‍ കഴിയുന്ന കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ ജോസ് കെ മാണി എത്തി അദ്ദേഹത്തെ കണ്ടു അല്‍പസമയം കഴിഞ്ഞ് വൈകിട്ട് 5.10-ഓടെ ലേക്ക് ഷോര്‍ ആശുപത്രി അധികൃതര്‍ മരണം ഔദ്യോഗികമായി പുറത്തുവിട്ടു. അവസാനനിമിഷങ്ങളിലും മാണി ബോധവാനായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബന്ധുക്കള്‍ വിളിക്കുമ്പോള്‍ അദ്ദേഹം പ്രതികരിച്ചിരുന്നു. അന്ത്യനിമിഷങ്ങളില്‍ ഭാര്യ കുട്ടിയമ്മയുടെ കൈ പിടിച്ചിരിക്കുകയായിരുന്നു അദ്ദേഹം. മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ കുടുംബകാരണവരുടെ അന്ത്യനിമിഷങ്ങളില്‍ ചുറ്റുമുണ്ടായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂര്‍ച്ഛിക്കുകയും അത് വൃക്കയെ ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുറച്ചു കാലമായി മാണി വിശ്രമത്തിലായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ കേരള കോണ്‍ഗ്രസില്‍ രൂപം കൊണ്ട അഭ്യന്തര കലാപത്തില്‍ അദ്ദേഹം ശക്തമായ നിലപാട് എടുത്തുരംഗത്തുവന്നു. സീറ്റിനായി ജോസഫ് പക്ഷം ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയെങ്കിലും മാണി വിട്ടു കൊടുത്തില്ല. ഒടുവില്‍ വിശ്വസ്തനായ തോമസ് ചാഴിക്കാടനെ കോട്ടയം സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് മാണി അവസാനമായി നടത്തിയ ഔദ്യോഗിക പ്രതികരണം. ഇതുവഴി തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയും കേരള കോണ്‍ഗ്രസിലെ രണ്ടാമനും മകന്‍ ജോസ് കെ മാണിയാണെന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ മാണിക്കായി.
നിലവില്‍ കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മാണിയുടെ മൃതദേഹം വൈകുന്നേരം അരമണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചിരുന്നു. ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജി.സുധാകരന്‍, കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതാക്കളും നൂറുകണക്കിന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാണിയുടെ ഭൗതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. മാണിയുടെ മരണത്തെ തുടര്‍ന്ന് കോട്ടയത്തേയും എറണാകുളത്തേയും എല്ലാ മുന്നണി സ്ഥാനാര്‍ഥികളും പ്രചാരണം അവസാനിപ്പിച്ചു.
കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. എംബാം ചെയ്ത ചെയ്യുന്ന മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിയോടെ കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടു വരും. പതിനൊന്ന് മണി മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കുന്ന മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും.
വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിക്കും. വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ ഭൗതിക മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക. കേരള രാഷ്ട്രീയത്തിലെ പ്രമുഖനേതാക്കളെല്ലാം മാണിക്ക് യാത്രാമൊഴി ചൊല്ലാന്‍ നാളെ കോട്ടയത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ഏറ്റവും ശക്തനായ നേതാവിന് അനുയോജ്യമായ യാത്രാമൊഴി ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍.
കെ.എം.മാണിയുടെ ജീവിതരേഖ ഒറ്റനോട്ടത്തില്‍
കോട്ടയം മരങ്ങാട്ടുപള്ളിയിൽ 1933-ല്‍ ജനനം പിതാവ് തൊമ്മന്‍ മാണി, മാതാവ് ഏലിയാമ്മ
മരങ്ങാട്ട് പള്ളി സെന്‍റ്തോമസ്, കടപ്ലാമറ്റം സെന്‍റ് ആന്‍റണീസ്, കുറുവിലങ്ങാട് സെന്‍റ് മേരീസ്, പാലാ സെന്‍റ് തോമസ്, എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.
തിരുച്ചിറപ്പിള്ളി സെന്‍റ് ജോസഫ്സ്, തേവര സേക്രട്ട് ഹാര്‍ട്ട്സ് എന്നിവിടങ്ങളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസം.
1955-ല്‍ മദ്രാസ് ലോ കോളേജില്‍ നിന്നും നിയമബിരുദം
1957-ല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും പ്രഥമ പ്രതിപക്ഷനേതാവുമായ പിടി ചാക്കോയുടെ ബന്ധു കുട്ടിയമ്മയെ വിവാഹം ചെയ്തു. ദമ്പതികള്‍ക്ക് ആറ് മക്കള്‍ - ജോസ് കെ മാണി, എല്‍സ, ആനി, സാലി, ടെസി, സ്മിത.
1959- സജീവ രാഷ്ട്രീയത്തിലേക്ക്, കെപിസിസി അംഗത്വം
1963-ല്‍ അന്നത്തെ അഭ്യന്തരമന്ത്രിയായ പിടി ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെടുന്നു. സംഭവസമയം കാറില്‍ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന ആരോപണം കേരള രാഷ്ട്രീയത്തെ മൊത്തത്തില്‍ ഇളകിമറിച്ചു.
1964-ല്‍ മാണി കോട്ടയം ഡിസിസി സെക്രട്ടറിയായി. അതേ വര്‍ഷം പിടി ചാക്കോ ഹൃദയാഘാതം വന്നു മരിക്കുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെഎം ജോര്‍ജിന്‍റെ നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് പിളര്‍ത്തി പുറത്തു വന്നു. കെഎം ജോര്‍ജ്, ആര്‍.ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി ജനിക്കുന്നു.
1965- ല്‍ കോണ്‍ഗ്രസ് വിട്ട് കെഎം മാണി കേരള കോണ്‍ഗ്രസില്‍ ചേരുന്നു. അതേ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം രൂപം കൊണ്ട പാലാ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. പാലായുടേയും മാണിയുടേയും കന്നിയങ്കത്തില്‍ ജയിച്ചു കയറി മാണി എംഎല്‍എയായി.
1972- കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ്. സ്ഥാപക ജനറല്‍ സെക്രട്ടറിമാരായ മാത്തച്ചനും ആര്‍.ബാലകൃഷ്ണപിള്ളയും പാര്‍ട്ടി വിട്ടു.
1975- അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി മാണി
1977ൽ ആഭ്യന്തരമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായി
1979ൽ കേരള കോൺഗ്രസ് എം രൂപീകരിച്ചു
1980ൽ നായനാര്‍ മന്ത്രിസഭയിലംഗമായി
1982ൽ യുഡിഎഫിലെത്തി ; ധനമന്ത്രിയായി
1991ൽ റവന്യൂമന്ത്രിയായി
2001ൽ വീണ്ടും റവന്യൂമന്ത്രിയായി
2011ൽ ധനമന്ത്രിയായി
2015ൽ ബാര്‍കോഴയിൽ കുടുങ്ങി രാജി
2016ൽ യുഡിഎഫ് വിട്ടു
2018ൽ യുഡിഎഫില്‍ തിരിച്ചെത്തി
പാലായിൽ നിന്ന് 13 തെരഞ്ഞെടുപ്പുകളെ നേരിട്ട മാണി എല്ലാം ജയിച്ചു.
പാലാ മണ്ഡലം രൂപം കൊണ്ട് അന്നു മുതല്‍ ഇന്നുവരെ മറ്റൊരാള്‍ എംഎല്‍എ ആയിട്ടില്ല.
54 വര്‍ഷമായി മാണി കേരളാ നിയമസഭയില്‍ അംഗം. ഇതൊരു ദേശീയ റെക്കോര്‍ഡാണ്.
ബജറ്റ് അവതരണത്തിൽ സംസ്ഥാനറെക്കോര്‍ഡ്. 13 തവണ ബജറ്റ് അവതരിപ്പിച്ചു
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മന്ത്രിയായ റെക്കോര്‍ഡ്
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 11 തവണ
