കണ്ണൂർ: അഴീക്കോട് സ്‌കൂളിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങിയ കേസിൽ കെഎം ഷാജി എംഎൽക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസിന് അനുവാദം കിട്ടിയത് കഴിഞ്ഞ മാസം 16 ന്. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് അനുവാദം തേടി റിപ്പോർട്ട് സമർപ്പിച്ചത് കഴിഞ്ഞ നവംബർ മാസത്തിലാണ്.

അതേസമയം കെഎം ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ കെഎം ഷാജി ഉന്നയിച്ച വിമർശനങ്ങൾക്കുള്ള മറുപടിയാണ് കേസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം ആരോപണങ്ങൾ തള്ളി കെഎം ഷാജി രംഗത്തെത്തി. പിണറായി വിജയനെ നേരിട്ട് വിമർശിച്ചതോടെ ഇനി ഇന്നോവ കാറും, മാഷ അള്ളാ സ്റ്റിക്കറും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ പരാതി അടിസ്ഥാനമില്ലാത്തതാണ്. അഴീക്കോട് സിപിഎമ്മിന്റെ ശക്തികേന്ദ്രമായ വൻകുളത്തുവയൽ എന്ന സ്ഥലത്തുള്ള സ്കൂളാണിത്. 200 പേരുള്ള കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ്മെന്റ്. അവിടെ നിന്ന് 25 ലക്ഷം രൂപ ഞാൻ വാങ്ങിയെന്ന് പറഞ്ഞാൽ അത് ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോട് എനിക്കെതിരെ ഈ പരാതി നേരത്തെ ഉയർന്നതാണ്. എന്നാൽ പ്രാഥമിക അന്വേഷണത്തിന്റെ ഘട്ടത്തിൽ ഒരിക്കൽ പോലും അന്വേഷണ സംഘം എന്നെ വിളിച്ചിട്ടില്ല. അതേസമയം വിജിലൻസ് കണ്ണൂർ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഈ റിപ്പോർട്ട് സ്പീക്കർക്ക് സമർപ്പിച്ച് തുടരന്വേഷണത്തിന് അനുമതി തേടി. സ്പീക്കർ ഇത് സംസ്ഥാന സർക്കാരിന് കൈമാറുകയായിരുന്നു.

എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാക്കൾ ഉയർത്തിയിരിക്കുന്നത്. ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ഷാഫി പറമ്പിൽ എംഎൽഎ, മുഖ്യമന്ത്രി കേരളത്തിലെ അമിത് ഷായാണെന്ന് വിമർശിച്ചു.  പിണറായി വിജയൻ ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുതെന്ന് വിഡി സതീശൻ പറഞ്ഞു. കൊവിഡ് കാലത്ത് സർക്കാർ വിജിലൻസിനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് കെഎസ് ശബരീനാഥൻ എംഎൽഎ ആരോപിച്ചു.