കോഴിക്കോട്: കെഎം ഷാജി എംഎൽഎ ചോദ്യം ചെയ്യലിനായി രണ്ടാം ദിവസവും കോഴിക്കോട് ഇഡി ഓഫീസിൽ ഹാജരായി. അഴീക്കോട് സ്കൂള്‍ പ്ലസ് ടു കോഴക്കേസിലാണ് ചോദ്യം ചെയ്യൽ. പതിമൂന്നര മണിക്കൂറിലധികം സമയം ഇന്നലെ കോഴിക്കോട്ടെ ഇഡി സബ് ഡിവിഷണൽ ഓഫീസിൽ ഷാജിയെ ചോദ്യം ചെയ്തിരുന്നു.

കോഴിക്കോട് മാലൂർകുന്നിലെ വീട് നിർമ്മാണത്തിന് കുടുംബ സ്വത്തായ പണവും ജ്വല്ലറി ഓഹരിയിലെ തുകയും ഉപയോഗിച്ചുവെന്നാണ് ഷാജിയുടെ മൊഴി. ഇന്നലെ പതിമൂന്നര മണിക്കൂറിൽ അധികമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്നാണ് ഇഡിയുടെ ആദ്യ അന്വേഷണം.

തന്റെ വീട്ടിൽ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടിൽ നിന്ന് 50 ലക്ഷവും വീട് വെക്കാൻ ലഭിച്ചുവെന്നാണ് ഷാജിയുടെ മൊഴി. 20 ലക്ഷം രൂപ സുഹൃത്ത് നൽകി. രണ്ട് കാർ വിറ്റപ്പോൾ ലഭിച്ച 10 ലക്ഷവും വീട് നിർമ്മാണത്തിന് ഉപയോഗിച്ചു. അഞ്ച് ജ്വല്ലറികളിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിൻവലിച്ചപ്പോൾ കിട്ടിയ തുകയും ലോൺ എടുത്ത തുകയും വീട് പൂർത്തിയാക്കാൻ എടുത്തുവെന്നും ഷാജി മൊഴി നൽകിയിട്ടുണ്ട്.

രണ്ടാം ദിവസവും കോഴിക്കോട്ടെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. അഴീക്കോട് സ്കൂളിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങിയിട്ടില്ലന്നാണ് ഷാജി ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. എംഎൽഎയുടെ വിദേശയാത്രകളെക്കുറിച്ചും ചോദിച്ചറിയും. ബാങ്ക് ഇടപാട് രേഖകൾ ഉൾപ്പടെ ഷാജി എൻഫോഴ്സ്മെന്റിന് സമർപ്പിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിക്കും.