കോഴിക്കോട്: കെ എം ഷാജി എംഎല്‍എയെ ഇ ഡി ചോദ്യം ചെയ്യുന്നത് ബുധനാഴ്ചയും തുടരും. ബുധനാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ഹാജരാകുമെന്ന് കെ എം ഷാജി അറിയിച്ചു. എല്ലാ വിവരങ്ങളും ഇഡിയെ ബോധിപ്പിച്ചെന്നും കുറച്ചു രേഖകള്‍ കൂടി കൈമാറുമെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇഡിക്ക് ഗൗരവത്തോടെ ഉത്തരങ്ങള്‍ നല്‍കി. വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് പോലുള്ള കേസുകള്‍ ഇനിയും വരുമെന്നും കെ.എം. ഷാജി പറഞ്ഞു. ചൊവ്വാഴ്ച 14 മണിക്കൂറാണ് കെ എം ഷാജിയെ ചോദ്യം ചെയ്തത്. നേരത്തെ അദ്ദേഹത്തിന്റെ ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.