Asianet News MalayalamAsianet News Malayalam

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് ഷാജി; ഹര്‍ജി അടുത്ത മാസം 10 ലേക്ക് മാറ്റി

പിടിച്ചെടുത്ത പണം തെരെഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. പ്രതിഭാഗം ഹാജരാക്കിയ രേഖകൾ പരിശോധിക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.

km shaji wants to get back the  seized by vigilance 47 lakhs petition was adjourned to 10th of next month
Author
First Published Sep 14, 2022, 12:52 PM IST

കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി അടുത്ത മാസം പത്തിലേക്ക് മാറ്റി. പിടിച്ചെടുത്ത പണം തെരെഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. പ്രതിഭാഗം ഹാജരാക്കിയ രേഖകൾ പരിശോധിക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ വിജിലന്‍സ് പിടിച്ചെടുത്ത നാല്‍പ്പത്തേഴ് ലക്ഷത്തി മുപ്പത്തയ്യായിരത്തി അഞ്ഞൂറ് രൂപ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനായി ഷാജി കോടതിയില്‍ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. ഈ രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം പത്തിലേക്ക് കോടതി മാറ്റിയത്.ഷാജിയുടെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് വിജിലന്‍സ് തീരുമാനം. ഇന്ന് കേസ് പരിഗണിക്കും മുന്‍പ് വിജിലന്‍സ് എസ് പി പ്രോക്യൂട്ടറുമായി നേരിട്ടെത്തി ചര്‍ച്ച നടത്തി.പണം തിരികെ നല്‍കിയാല്‍   ഷാജിക്കെതിരെയുള്ള കോഴക്കേസിനെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍.

2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ എം ഷാജിക്കെതിരായ കേസ്. 2020 ജനുവരി യിലാണ് ഷാജിയെ പ്രതിയാക്കി വിജിലന്‍സ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്.തുടര്‍ന്ന് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ഹര്‍ജിക്ക് ആധാരമായ പണം പിടികൂടിയത്.

Follow Us:
Download App:
  • android
  • ios