Asianet News MalayalamAsianet News Malayalam

കെഎം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോർപറേഷന്റെ നോട്ടീസ്, 17 ന് ഹാജരാകണം

ചട്ടവിരുദ്ധമായി വീട് നിർമിച്ച ഭൂമിയിൽ കോർപറേഷൻ സർവേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തിൽ വിശദീകണം നൽകണം

KM Shaji wife summoned by Kozhikode corporation
Author
Kozhikode, First Published Dec 9, 2020, 9:02 AM IST

കോഴിക്കോട്: കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോർപറേഷൻ നോട്ടീസ് അയച്ചു. ഡിസംബർ 17ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്. ചട്ടവിരുദ്ധമായി വീട് നിർമിച്ച ഭൂമിയിൽ കോർപറേഷൻ സർവേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തിൽ വിശദീകണം നൽകണം. ആശയുടെ പേരിലാണ് ഭൂമി.

ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എംകെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്സ്മെന്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ എൻഫോഴ്സ്മെന്റ് ഓഫീസിൽ വച്ചാണ് മൊഴിയെടുത്തത്. കെ എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്നുള്ള പരാതിയുടെ ഭാഗമായിട്ടാണ് മൊഴിയെടുത്തത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീർ എംഎൽഎക്ക് എതിരെയും പരാതി ഉയർന്നത്. കെ എം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി. ഐ എൻ എൽ നേതാവ് അബ്ദുൾ അസീസാണ് പരാതി നൽകിയത്.

വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നെന്ന് പരാതിയിൽ പറയുന്നു. സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Follow Us:
Download App:
  • android
  • ios