നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയ കെഎംസിസി ഭാരവാഹികളെ ലീഗ് പുറത്താക്കി
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ മുസ്ലിം ലീഗ് പുറത്താക്കി. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി.
നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു മുസ്ലീം ലീഗ് വിമതര്‍ ഈ മാസം 15 ന് തിരുവമ്പാടിയില്‍ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാന്‍, അറഫി കാട്ടിപ്പരുത്തി, ഫൈസല്‍ മാതാം വീട്ടില്‍, റഫീഖ് പുല്ലൂരാംപാറ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ നടന്ന പരിപാടി ചർച്ചയായതിന് പിന്നാലെ മുസ്ലിം ലീഗിന് പരിപാടിയിൽ ബന്ധമില്ലെന്ന് വിശദീകരിച്ച് നേതൃത്വം രംഗത്ത് വന്നിരുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ അബ്ദുറഹ്മാൻ അടക്കമുള്ളവർക്ക് സംഭവം വാർത്തയായതിന് പിന്നാലെ ലീഗ് നേതൃത്വം നിർദേശവും നൽകിയിരുന്നു.



