Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിന് മുന്നിൽ സംസ്ഥാനം ഭിക്ഷയാചിക്കുന്ന സ്ഥിതി, അവകാശപ്പെട്ടതല്ല തരുന്നത്: വി മുരളീധരനെതിരെ ധനമന്ത്രി

ജിഎസ്‌ടി നിയമം പാസാക്കിയപ്പോൾ തന്നെ സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രത്തിനു അടുത്തേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു

KN Balagopal against Central Govt on Kerala financial crisis kgn
Author
First Published Nov 13, 2023, 4:56 PM IST

കൊച്ചി: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും വിമർശിച്ച് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. കൊച്ചിയിൽ നടന്ന സിഐടിയു സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ എല്ലാ അവകാശങ്ങളും കേന്ദ്രം എടുത്തുകൊണ്ടുപോയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രസർക്കാരിന്റെ അടുത്തേക്ക് പോകുന്ന സ്ഥിതിയാണ് ഇപ്പോഴെന്നും വിമർശിച്ചു.

ജിഎസ്‌ടി നിയമം പാസാക്കിയപ്പോൾ തന്നെ സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രത്തിനു അടുത്തേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്രം പറയുന്നത് കേട്ടോളണമെന്ന ഭാഷ്യമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. ധനകാര്യ കമ്മീഷന്റെ കണക്ക് പ്രകാരം കേന്ദ്രത്തിന് കൊടുക്കുന്ന 100 രൂപയിൽ 1.80 രൂപയാണ് കേരളത്തിന് തിരികെ കിട്ടുന്നത്. കേന്ദ്ര സർക്കാരിന്റെ സൗകര്യം അനുസരിച്ചാണ് സംസ്ഥാനത്തിന് പണം കിട്ടുന്നത്. സംസ്ഥാനത്തിന് അവകാശപെട്ടതല്ല. ജനങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പണം പോലും കൊടുപ്പിക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ബാലഗോപാൽ വിമർശിച്ചു.

ജനങ്ങൾക്ക് കൊടുക്കുന്ന പണം കുറയ്ക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്ഷേമപെൻഷൻ അടക്കമുള്ളവ സംസ്ഥാനത്തിന് കൊടുക്കാതിരിക്കാൻ സാധിക്കില്ല, കൊടുത്തേ പറ്റൂ. ഈ സർക്കാർ രണ്ടര വർഷം കൊണ്ട് 4800 കോടി രൂപ കെഎസ്ആർടിസിക്ക് കൊടുത്തു. രണ്ട് വർഷം കൊണ്ട് സംസ്ഥാന സർക്കാരിന്റെ തനത് വരുമാനത്തിൽ 50 ശതമാനം വർധനവുണ്ടായെന്നും മന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

നെല്ലിന് അധികവില കൊടുക്കുന്നത് കേരളം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഒരു കിലോ നെല്ലിന് 28 രൂപയാണ് സംസ്ഥാന സർക്കാർ കർഷകർക്ക് നൽകുന്നത്. സംഭരിക്കുന്ന നെല്ലിന് നേരിട്ട് കർഷകർക്ക് പണം നൽകിയാൽ, കൊടുത്തുതീർക്കാൻ ആറ് മാസത്തിലധികം സമയമെടുക്കും. അത് പരിഹരിക്കാനാണ് പിആർഎസ് സംവിധാനം കൊണ്ടുവന്നത്. പലിശ സഹിതം കടം എടുക്കുന്ന പണം ബാങ്കിന് സർക്കാർ തിരിച്ചു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios