കൊച്ചി: കൊച്ചിയിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളായ പെരിന്തൽമണ്ണ സ്വദേശികളായ റംഷാദിന്‍റെയും ആദിലിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. നടി മാപ്പ് സ്വീകരിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് വ്യക്തമാക്കി. നടി കൊച്ചിയിലെത്തിയാൽ മൊഴിയെടുക്കും. അതിനിടെ പ്രതികളുടെ കുടുംബം ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് സൂചന.

അത്യന്തം നാടകീയമായാണ് നടിയെ അപമാനിച്ച കേസിലെ പ്രതികളായ റംഷാദിനെയും ആദിലിനെയും ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനായി അഭിഭാഷകനൊപ്പം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയുള്ള കുസാറ്റ് ജംഗ്ഷനിൽ വെച്ച് പൊലീസ് തടഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് പിന്നീട് മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ഇതിനിടെയാണ് പ്രതികൾക്ക് മാപ്പ് നൽകിയെന്നറിയിച്ച് ഇൻസ്റ്റഗ്രാമിലൂടെ അപമാനത്തിനിരയായ നടി രംഗത്തെത്തിയത്.  പിന്തുണച്ച പൊലീസിനും മാധ്യമങ്ങൾക്കും കുടുംബത്തിനും നടി നന്ദി അറിയിച്ചു. നേരത്തെ ബോധപൂർവ്വം അപമാനിക്കാൻ ശ്രമിച്ചതല്ലെന്നും മാപ്പു പറയാൻ തയ്യാറാണെന്നും പറഞ്ഞുകൊണ്ടുള്ള വീഡിയോ പ്രതികളായ റംഷാദും ആദിലും പുറത്തുവിട്ടിരുന്നു