Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങള്‍ തുടങ്ങി; ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍

സാമ്പത്തിക പ്രതിസന്ധി കാരണം അടിയന്തരമായി തീർക്കേണ്ട ജോലികള്‍ മാത്രമാകും തൽക്കാലം പൂർത്തിയാക്കുക.

kochi before rain cleaning process started
Author
Kochi, First Published May 9, 2020, 7:21 PM IST

കൊച്ചി: കൊച്ചിയില്‍ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങള്‍ തുടങ്ങി. വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള നൂറിലേറെ സ്ഥലങ്ങളിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ തീർക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം അടിയന്തരമായി തീർക്കേണ്ട ജോലികള്‍ മാത്രമാകും തല്ക്കാലം പൂർത്തിയാക്കുക.

കൊവിഡിന് പിന്നാലെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് കൊതുക് നിർമാർജ്ജനവും മഴക്കാല പൂർവ ശുചീകരണവും പുനരാരംഭിക്കാൻ തീരുമാനിച്ചത്. നാല് ഘട്ടങ്ങളായി നടക്കേണ്ട ജോലികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം രണ്ട് ഘട്ടങ്ങളാക്കി ചുരുക്കി. 

കലൂരിലെ സബ് സ്റ്റേഷനില്‍ കഴിഞ്ഞ വർഷം വെള്ളം കയറി നഗരം മുഴുവൻ ഇരുട്ടിലായിരുന്നു. ഇത്തവണ അതൊഴിവാക്കാൻ കെഎസ്ഇബിയും സ്വന്തം നിലയ്ക്ക് ജോലികള്‍ തുടങ്ങി. കൊച്ചിൻ സ്മാർട്ട് മിഷന്‍റെ ജോലികളും, ജില്ലാ ഭരണകൂടത്തിന്‍റെ ഓപ്പറേഷൻ ബ്രേക്ക്ത്രൂവും പലയിടങ്ങളിലായി പുരോഗമിക്കുന്നുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ റെയില്‍വേ, കൊച്ചി മെട്രോ എന്നിവയുടെ സഹകരണവും അത്യാവശ്യമാണ്.

ടൗണ്‍ ഹാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷൻ, എം ജി റോഡ്, ഇടപ്പള്ളി എന്നിവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ തീർക്കേണ്ടതുണ്ട്. കാനകളും തോടുകളും കയ്യേറിയുള്ള അനധികൃത നിർമ്മാണങ്ങളും വെള്ളക്കെട്ടിന് കാരണമാകും. കാലവർഷമെത്തുന്നതിന് മുമ്പേ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള വഴികള്‍ സജ്ജമാക്കിയില്ലെങ്കില്‍ വെള്ളക്കെട്ടിന് പുറമേ, പകർച്ചാവ്യാധികളെയും നേരിടേണ്ടി വരും.
 

Follow Us:
Download App:
  • android
  • ios