കടല്‍ വഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാവശ്യമായ അറ്റകുറ്റപണികള്‍ ബേപ്പൂരില്‍ ഉടന്‍ തുടങ്ങും. ഈ മാസം 21 ന് ജലപാതവഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാണ് ശ്രമം. 

കോഴിക്കോട്: കടല്‍ വഴിയുള്ള ബേപ്പൂര്‍ -കൊച്ചി ചരക്ക് നീക്കം ഈ മാസം അവസാനത്തോടെ തുടങ്ങും. ഇതോടെ ചരക്ക് നീക്കത്തിനുള്ള ചെലവ് മൂന്നിലൊന്നായി കുറയും. ദേശീയപാതയിലെ തിരക്കൊഴിവാക്കാനും പുതിയ സംവിധാനം ഉപകരിക്കും. ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനത്തിന് ബജറ്റില്‍ തുക വിലയിരുത്തിയില്ലെന്ന ആക്ഷേപത്തിന് ഇടിയിലാണ് തുറമുഖ വകുപ്പ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

ബേപ്പൂര്‍ -കൊച്ചി ജലപാത തുറന്ന് കൊടുക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കടല്‍ വഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാവശ്യമായ അറ്റകുറ്റപണികള്‍ ബേപ്പൂരില്‍ ഉടന്‍ തുടങ്ങും. ഈ മാസം 21 ന് ജലപാതവഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാണ് ശ്രമം. കൊച്ചി തുറമുഖത്ത് എത്തുന്ന ചരക്ക് നിലിവില്‍ ബേപ്പൂരില്‍ റോഡ് മാര്‍ഗ്ഗം എത്തിക്കാന്‍ 25000 ത്തോളം രൂപ ചെലവുണ്ട്. ജലപാത വഴി ചരക്ക് നീക്കം
തുടങ്ങിയാല്‍ ഇത് 8000 രൂപയായി കുറയും.

ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനത്തിനായി 50 കോടി രൂപ കിഫ്ബിയില്‍ നീക്കിവെച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് തുറമുഖ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ മാസം 11 ന് തുറമുഖ മന്ത്രിയും ടൂറിസം- ഫിഷറീസ് മന്ത്രിമാരും പങ്കെടുക്കുന്ന ഉന്നതല യോഗം ബേപ്പൂരില്‍ ചേര്‍ന്ന് കളക്ടര്‍ തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ വിശദമായി പരിശോധിക്കും. 

തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസന പ്രവൃത്തികള്‍ തുടങ്ങാനാണ് തുറമുഖ വകുപ്പിന്‍റെ തീരുമാനം. അഴീക്കല്‍ തുറമുഖത്തിന്‍റെ വികസനത്തിനായി വിശദമായ പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. കൊച്ചി- ബേപ്പൂര്‍ ജലപാത താമസിയാതെ അഴീക്കലിലേക്ക് നീട്ടുന്നതും തുറമുഖ വകുപ്പിന്‍റെ പരിഗണനയിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona