കൊച്ചി: കൊച്ചിയിലെ പൊട്ടിപൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് പൊലീസ് സഹകരണം ലഭിക്കുന്നില്ലെന്ന് കോര്‍പ്പറേഷന്‍. ഇതോടെ കടവന്ത്ര ഭാഗത്ത് തുടങ്ങിയ ടാറിംഗ് മുടങ്ങിയിരിക്കുകയാണ്. അറ്റുകറ്റ പണികള്‍ നടത്തുന്നതിനായി ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നടപടിയില്ലെന്നാണ് കോര്‍പ്പറേഷന്‍റെ കുറ്റപ്പെടുത്തല്‍. കൊച്ചിയിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ യുദ്ധകാലടിസ്ഥാനത്തിൽ ശരിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 

മാസങ്ങളായി കൊച്ചിയിലെ മിക്ക പ്രധാനപ്പെട്ട റോഡുകളും തകർന്ന് കിടക്കുകയാണ്. അപകടങ്ങളും ഗതാഗതകുരുക്കും പതിവായെങ്കിലും കോർപ്പറേഷനിൽ നിന്ന് തുടർ നടപടികൾ ഉണ്ടാകാത്തതോടെയാണ് ഹൈക്കോടതി രംഗത്തെത്തിയത്. മൂന്ന് ദിവസത്തിനകം റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നായിരുന്നു കോർപ്പറേഷനും ജിസിഡിഎയ്ക്കും  ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നത്. നഗരത്തിൽ പ്രധാനമായും കലൂർ കടവന്ത്ര, തേവര ഫെറി, രവിപുരം, സുഭാഷ് ചന്ദ്രബോസ് എന്നീ റോഡുകളാണ് തകർന്ന് തരിപ്പണമായികിടക്കുന്നത്.