കൊച്ചി: കൊച്ചി കോര്‍പറേഷനിൽ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു. ഐ ഗ്രൂപ്പ് മത്സരിപ്പിച്ച മേയര്‍ സ്ഥാനാര്‍ത്ഥി മുതിര്‍ന്ന നേതാവ് എൻ വേണുഗോപാലാണ് തോറ്റുപോയത്. ആദ്യ ഫലം പുറത്ത് വരുന്നത് കൊച്ചി നോര്‍ത്ത് ഐലന്‍റിൽ നിന്നാണ് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന ഫലം വന്നത്. ഒരു വോട്ടിനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്. 

എൻ വേണുഗോപാലിന്‍റെ തോൽവിയോടെ വലിയ അട്ടിമറിയാണ് കൊച്ചിയിൽ നടന്നത്. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റിലാണ് ഒരേ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്. കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലും മധ്യകേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചക്ക് ഇടയാക്കുന്ന തോൽവിയാണ് എൻ വേണുഗോപാലിന്‍റേത്. 

അനര്‍ഹമായ വോട്ടാണ് ബിജെപിക്ക് വിജയം നൽകിയ ഒരു വോട്ടെന്ന് എൻ വേണുഗോപാൽ പ്രതികരിച്ചു. നാൽപ്പത് അമ്പത് വോട്ടിന് ജയിക്കാവുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.  പരാതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും എൻ വേണുഗോപാൽ പറഞ്ഞു.