Asianet News MalayalamAsianet News Malayalam

ചെലവ് 2511 കോടി, കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് ഫ്രഞ്ച് കമ്പനിയുമായുള്ള കരാർ അന്തിമ ഘട്ടത്തിലേക്ക്

പദ്ധതി വരുമ്പോൾ ചോദ്യങ്ങളേറെ. ബില്ലിംഗ് ആര് നിശ്ചയിക്കും? എത്ര കൂടും? മാനദണ്ഡമെന്ത്? നിലവിലെ പമ്പ് ഹൗസുകൾ മുതൽ പൈപ്പുകൾ വരെ അടിമുടി മാറ്റണം. പുതിയ വാട്ടർ മീറ്റർ കൂടിയാകുമ്പോൾ ചെലവ് സാധാരണക്കാരന്‍റെ തലയിലാകുമോ?

kochi drinking water supply contract with French company at final stage cost 2511 crore
Author
First Published Jun 21, 2024, 10:51 AM IST

കൊച്ചി: കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഫ്രഞ്ച് കമ്പനിയുമായുള്ള വാട്ടർ അതോറിറ്റി കരാർ അന്തിമ ഘട്ടത്തിലേക്ക്. സർക്കാർ വിഹിതത്തിനൊപ്പം എ.ഡി.ബി വായ്പയിലുള്ള വൻകിട പദ്ധതിക്ക് 21 ശതമാനം അധിക തുകയോടെ സംസ്ഥാനതല എംപവേർഡ് കമ്മിറ്റി അനുമതി നൽകി. നിലവിലെ കുടിവെള്ള പൈപ്പുകൾ മാറ്റി മുഴുവൻ സമയ ജലവിതരണം ലക്ഷ്യമിടുമ്പോൾ വിലയിലും പൊതുവിതരണത്തിലും സംഭവിക്കുന്ന മാറ്റത്തിൽ ആണ് ആശങ്ക.

കടലും കായലും പരന്നൊഴുകുന്ന കൊച്ചിയ്ക്ക് കുടിവെള്ളം എത്തണമെങ്കിൽ ആലുവയിൽ നിന്ന് പെരിയാറും, പാഴൂരിൽ നിന്ന് മൂവാറ്റുപുഴയാറും പൈപ്പിലൂടെ ഒഴുകി എത്തണം. പ്രധാന പൈപ്പിൽ നിന്ന് കിലോമീറ്ററുകൾ തലങ്ങും വിലങ്ങും ചെറുതും വലുതുമായ ഭൂഗർഭ പൈപ്പിലൂടെ വീടുകളിലേക്ക്. ചുമതല വാട്ടർ അതോറിറ്റിക്ക്.

എന്നാൽ ഈ പണി ഇനി ഫ്രഞ്ച് കമ്പനിയായ സോയൂസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയ്യട്ടെ എന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കേന്ദ്ര സർക്കാരിന്‍റെ പുതിയ ജലനയത്തിന്‍റെ ചുവട് പിടിച്ചാണ് തീരുമാനം. നിലവിലെ ലീക്കേജ് കുറച്ച് ശുദ്ധമായ ജലവിതരണം ലക്ഷ്യമെന്ന് പ്രഖ്യാപനം. എഡിബി വായ്പയിൽ 2511 കോടി രൂപ ആകെ ചെലവ്. ഇതിൽ 750 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതം. എന്നാൽ എസ്റ്റിമേറ്റിനേക്കാൾ 21ശതമാനം അധികം നൽകി ഈ കമ്പനിക്ക് കരാർ നൽകാനാണ് ഏറ്റവും പുതിയ തീരുമാനം. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സമിതിയുടെ ഈ ശുപാർശ മന്ത്രിസഭ അനുമതി കൂടിയായാൽ അന്തിമമാകും. പദ്ധതി വരുമ്പോൾ ചോദ്യങ്ങളുമുണ്ട്.

ബില്ലിംഗ് ആര് നിശ്ചയിക്കും? എത്ര കൂടും? മാനദണ്ഡമെന്ത്? വരുമാനവർധനവ് കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ബിപിഎൽ കണക്ഷനുകൾക്കും പൊതുടാപ്പുകൾക്കും നയം രണ്ടാംതരമാകുമോ? നിലവിലെ പമ്പ് ഹൗസുകൾ മുതൽ പൈപ്പുകൾ വരെ അടിമുടി മാറ്റണം. പുതിയ വാട്ടർ മീറ്റർ കൂടിയാകുമ്പോൾ ചെലവ് സാധാരണക്കാരന്‍റെ തലയിലാകുമോ? നഗരത്തിലെ പൈപ്പുകൾ മാറ്റാൻ വിവിധ സർക്കാർ വകുപ്പുകളുടെ അനുമതി വേണം. പദ്ധതിയിൽ ഇങ്ങനെ കാലതാമസം നേരിട്ടാൽ ആര് ഉത്തരവാദിയാകും? കോടതി വിദേശത്താകുമോ? ഇതിനെല്ലാം വാട്ടർ അതോറിറ്റിയിലെ ഭരണാനുകൂല സർവ്വീസ് സംഘടനകൾ പോലും മറുപടി തേടിയിട്ടും രക്ഷയില്ല.

ഏഴ് വർഷം ആണ് പദ്ധതി കൊച്ചി നഗരത്തിൽ പൂർത്തിയാക്കാനുള്ള സമയം. തുടർന്നുള്ള മൂന്ന് വർഷം പരിപാലന ചിലവ് സംസ്ഥാന സർക്കാർ വഹിക്കണം. ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് മുതൽ അവിശ്വാസം ഉയരുമ്പോൾ പദ്ധതി സുതാര്യമാകുമോ? സംസ്ഥാന പദ്ധതിക്ക് പുറമെ കോടികൾ മുടക്കിയുള്ള അമൃത്, ജൽ ജീവൻ മിഷൻ പദ്ധതികളും തുടരുന്നതിനിടെയാണ് പിന്നെയും പിന്നെയും കോടികൾ മുടക്കി മറ്റൊരു പുതിയ പദ്ധതി. എത്ര എതിർപ്പിലും പദ്ധതി മുന്നോട്ടെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോൾ കമ്മീഷൻ നേട്ടം ആണോ ലക്ഷ്യം എന്ന ചോദ്യം ഉയർത്തി കൊച്ചിയിലെ കുടിവെള്ള സംരക്ഷണ സമിതികളും പ്രതിഷേധത്തിലാണ്. 

എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി, ആഡംബര കപ്പലുകൾക്ക് നങ്കൂരമിടാം; പ്രതീക്ഷകളുടെ തീരത്ത് കൊല്ലം തുറമുഖം

Latest Videos
Follow Us:
Download App:
  • android
  • ios